വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു’; സിപിഐഎം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനം
രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ലെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ വിമര്‍ശനം. പ്രകടന പത്രികയില്‍ വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്നും ചര്‍ച്ചയില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കരുവന്നൂര്‍ സഹകരണബാങ്കിലെ ക്രമക്കേടിന് കാരണക്കാര്‍ ജില്ലാ നേതൃത്വമെന്നും വിമര്‍ശനം ഉയര്‍ന്നു.
കരുവന്നൂര്‍ വിഷയത്തില്‍ ജില്ലാ നേതൃത്വത്തിനെതിരെ സിപിഐഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ അതിരൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കരുവന്നൂരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടിട്ടും നേതൃത്വം ഇടപെട്ടില്ല. ജില്ലാ നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടക്കില്ലായിരുന്നു. നേതൃത്വത്തിന്റെ മൗനം കരുവന്നൂരില്‍ ദുരന്തം സൃഷ്ടിച്ചു. ഇ ഡിക്കെതിരെ കടുത്ത നിലപാടെടുക്കുന്നതില്‍ ജില്ലാ നേതൃത്വം പരാജയപ്പെട്ടു. മിണ്ടാതിരുന്നതിലൂടെ എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റിന് വളം വച്ചു കൊടുത്തു. ഇ ഡി രാഷ്ട്രീയ വേട്ട തുടങ്ങിയപ്പോള്‍ തന്നെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണമായിരുന്നു. പ്രക്ഷോഭത്തിന് പകരം പാര്‍ട്ടി നേതൃത്വ തീര്‍ത്തും മൗനം പൂണ്ടുവെന്നും വിമര്‍ശനമുയര്‍ന്നു. ഏതറ്റം വരെയും പോയി ഇഡിയെ എതിര്‍ക്കുമെന്ന നിലപാടാണ് സ്വീകരിക്കേണ്ടതെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്തെ മന്ത്രിമാരുടെ പ്രവര്‍ത്തനം മികച്ചതായിരുന്നു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മികച്ച ഭരണം സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു വീട്ടമ്മമാരുടെ പെന്‍ഷന്‍. പക്ഷേ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്തും പദ്ധതി നടപ്പാക്കാന്‍ കഴിയാത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നു. നടപ്പാക്കാന്‍ കഴിയാത്ത പദ്ധതികള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തരുതായിരുന്നുവെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പ്രകടനപത്രികയിലെ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയാത്തത് ജനം വാഗ്ദാന ലംഘനമായി കരുതും. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രകടനപത്രിക പൂര്‍ണമായും നടപ്പാക്കണമെന്നും പൊതു ചര്‍ച്ചയില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.