കൊവിഡ് കാലത്ത് കർണാടകയിൽ നിന്ന് വന്ന കണ്ടെയ്നർ, പിടിച്ചത് സ്പിരിറ്റ്; വിദേശത്തേക്ക് മുങ്ങിയ പ്രതി അറസ്റ്റിൽ
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ സംസ്ഥാന അതിര്‍ത്തി ചെക്‌പോസ്റ്റ് വഴി സ്പിരിറ്റ് കടത്തിയ കേസില്‍ വര്‍ഷങ്ങളോളം ഒളിവിലായിരുന്നു പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി എക്‌സൈസ്. കേസില്‍ പ്രതിയായതോടെ വിദേശത്തേക്ക് രക്ഷപ്പെട്ട മലപ്പുറം കൊണ്ടോട്ടി കൊളത്തൂര്‍ പൂളക്കാതൊടി വീട്ടില്‍ മുഹമ്മദ് ബഷീര്‍ (28) ആണ് നാട്ടിലേക്ക് വരുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്നതിനാല്‍ തടഞ്ഞുവെച്ച് എക്‌സൈസിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അസി. എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മുഹമ്മദ് ബഷീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി റേഞ്ച് ഓഫീസില്‍ ഹാജരാക്കിട്ടുള്ള പ്രതിയെ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി എക്‌സൈസ് ചോദ്യം ചെയ്യും.
2021 മെയ് മാസം ആറാം തീയതിയായിരുന്നു സ്‌ക്വാഡ് സിഐ ആയിരുന്ന സജിത്ത് ചന്ദ്രനും സംഘവും പൊന്‍കുഴി ഭാഗത്ത് നടത്തിയ പരിശോധനയില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ 52 ബാരലുകളിലായി ഉണ്ടായിരുന്ന 11034.400 ലിറ്റര്‍ സ്പിരിറ്റ് കണ്ടെടുത്തത്. സുല്‍ത്താന്‍ ബത്തേരി റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ പ്രതികളായി അന്ന് ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.
മലപ്പുറം ജില്ലയിലെ അഴിഞ്ഞിലം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന വി എ ബി കോസ്മെറ്റിക്സ് എന്ന സ്ഥാപനത്തിന്റെ സാനിറ്റൈസര്‍ നിര്‍മ്മാണത്തിന്റെ മറവില്‍ കടത്തിക്കൊണ്ടുവന്ന സ്പിരിറ്റ് ആയിരുന്നു പിടികൂടിയത് എന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെ സ്ഥാപനത്തിന്‍റെ മാനേജിംഗ് പാര്‍ട്ട്ണറായ മുഹമ്മദ് ബഷീര്‍ കേസില്‍ ഒന്നാം പ്രതിയാക്കി. അന്ന് തന്നെ പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇയാള്‍ സ്വദേശത്തും വിദേശത്തുമായി ഒളിവില്‍ കഴിഞ്ഞു വരുകയാണെന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പിന്നീട് കര്‍ണാടകയിലും മലപ്പുറം ജില്ലയിലെ അഴിഞ്ഞിലം, കൊണ്ടോട്ടി ഭാഗങ്ങള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ മൈസൂര്‍ മാണ്ഡ്യ കൊപ്പം ഭാഗത്തെ എന്‍ എസ് എല്‍ ഷുഗേര്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നുമാണ് കൊവിഡ് കാലത്ത് സാനിറ്റൈസര്‍ നിര്‍മ്മാണത്തിനെന്ന പേരില്‍ ഡ്രഗ് വിഭാഗത്തിന്റെ ലൈസന്‍സ് ഉപയോഗിച്ച് സ്പിരിറ്റ് കടത്തികൊണ്ടു വന്നതെന്നും ഈ സ്ഥാപനത്തിന്റെ പാര്‍ട്ട്ണര്‍മാരായ ഒന്നാം പ്രതിയായിരിക്കുന്ന മുഹമ്മദ് ബഷീറും രണ്ടാം പ്രതി അജ്മലും നേരിട്ട് ഇടപ്പെട്ടാണ് സ്പിരിറ്റ് ലഭ്യമാക്കിയതെന്നും കണ്ടെത്തുകയായിരുന്നു. രണ്ടാം പ്രതിയായ മലപ്പുറം കൊണ്ടോട്ടി പുളിയഞ്ചാലി പി സി അജ്മലിനെ 2024 ജനുവരി എട്ടിന് അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തേക്ക് കടന്നതിനാല്‍ പ്രധാന പ്രതിയായ മുഹമ്മദ് ബഷീറിനെ പിടികൂടാനുള്ള ശ്രമങ്ങളെല്ലാം അന്ന് പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് ഉദ്യോഗസ്ഥര്‍ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.