KeralaTop News

മാതാപിതാക്കളെ കുറിച്ച് അശ്ലീല തമാശ, പ്രധാനമന്ത്രിയുടെ ക്രിയേറ്റര്‍ അവാര്‍ഡ് വാങ്ങിയ യൂട്യൂബര്‍ക്ക് എതിരെ വ്യാപക പ്രതിഷേധം; പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

Spread the love

പ്രമുഖ പോഡ്കാസ്റ്ററും യൂട്യൂബറുമായ രണ്‍വീര്‍ അള്ളാബാദിയയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം. പ്രമുഖ സ്റ്റാന്റപ്പ് കൊമേഡിയനായ സമയ് റെയ്‌നയുടെ യൂട്യൂബ് ഷോയായ ഇന്ത്യാസ് ഗോട്ട് ലേറ്റന്റിനിടെയായിരുന്നു ബിയര്‍ബൈസെപ്‌സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായ ഇയാളുടെ പരാമര്‍ശം. മാതാപിതാക്കളുടെ ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട അശ്ലീല പരാമര്‍ശത്തിനെതിരെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുള്‍പ്പടെ രംഗത്തെത്തിയത്. പരിധി കടന്നുള്ള പരാമര്‍ശത്തിനെതിരെ മുംബൈ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞുകൊണ്ട് രണ്‍വീര്‍ രംഗത്തെത്തി. പ്രധാനമന്ത്രി മോദിയുടെ നാഷണല്‍ ഇന്‍ഫ്യൂവെന്‍സര്‍ അവാര്‍ഡ് ലഭിച്ചയാളാണ് ഇദ്ദേഹം. ഡിസ്ട്രപ്റ്റര്‍ ഓഫ് ദി ഇയര്‍ എന്ന പുരസ്‌കാരമാണ് രണ്‍വീറിന് ലഭിച്ചത്.

സാമൂഹ്യ മാധ്യമങ്ങളിലെ താരങ്ങളായ അപൂര്‍വ മഖീജ, ആശിഷ് ചന്‍ചലാനി, ജസ്പ്രീത് സിങ് എന്നിവരായിരുന്നു രണ്‍വീറിനൊപ്പം പരിപാടിയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ വിവാദമായ ചോദ്യം ചോദിക്കുകയായിരുന്നു. വളരെ അസ്ലീലമായ പരാമര്‍ശം എന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ വിഷയത്തിലുള്ള പ്രതികരണം. മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഈശ്വറിന് പുറമേ മുംബൈയിലെ രണ്ട് അഭിഭാഷകരും വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതിനെതിരെ മഹാരാഷ്ട്ര വനിതാ കമ്മീഷനും മുംബൈ പൊലീസ് കമ്മീഷണര്‍ക്കും ഇവര്‍ കത്ത് നല്‍കിയിട്ടുണ്ട്. മുംബൈ പൊലീസ് ആന്‍ഡ് റീജണല്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്കാണ് പരാതി നല്‍കിയതെന്ന് ബിഎന്‍എസ് 296ന് കീഴില്‍ പരാതി നല്‍കിയതെന്ന് രാഹുല്‍ ഈശ്വറും എക്‌സില്‍ കുറിച്ചു. ഷോ നടന്ന മുംബൈയിലെ സ്റ്റുഡിയോയില്‍ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അഡല്‍റ്റ് വിഭാഗത്തില്‍ വരുന്ന കണ്ടന്റ് അല്ല ഇതെന്നും കൊച്ചു കുട്ടികള്‍ക്ക് പോലും കാണാന്‍ സാധിക്കുന്ന തരത്തിലുള്ളതാണെന്നും മാധ്യമപ്രവര്‍ത്തകനായ നീലേഷ് മിശ്ര പ്രതികരിച്ചു. ഈ ക്രിയേറ്റേഴ്‌സിനോ പ്ലാറ്റ്‌ഫോമിനോ യാതൊരു വിധത്തിലുള്ള ഉത്തരവാദിത്ത ബോധവുമില്ലെന്നും പൊട്ടിച്ചിരിയോടെയാണ് ഈ പരാമര്‍ശത്തെ പരിപാടിയില്‍ പങ്കെടുത്തവരും മറ്റ് പാനലിസ്റ്റുകളും ആഘോഷിച്ചത് എന്നതില്‍ തനിക്ക് അത്ഭുതമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രേക്ഷകര്‍ ഇത്തരം ആളുകളെയും പരാമര്‍ശങ്ങളെയും നോര്‍മലൈസ് ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

തന്റെ ഭാഗത്തു നിന്നുണ്ടായത് മോശം പരാമര്‍ശമായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് രണ്‍വീറിന്റെ പ്രതികരണം. എന്റെ പരാമര്‍ശം അനുചിതം മാത്രമല്ല അത് തമാശ പോലുമായിരുന്നില്ല. കോമഡി എന്റെ മേഖലയല്ല. ഞാന്‍ മാപ്പ് പറയാനാണ് വന്നത്. ഇങ്ങനെയാണോ ഞാന്‍ എന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതെന്ന് നിങ്ങളില്‍ പലരും ചോദിച്ചു. തീര്‍ച്ചയായും, ഇങ്ങനെയല്ല ഞാന്‍ അതിനെ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്. സംഭവിച്ചതില്‍ യാതൊരു തരത്തിലുള്ള ന്യായീകരണവും ഞാന്‍ നല്‍കുന്നില്ല. എല്ലാ പ്രായത്തിലുള്ളവരും പോഡ്കാസ്റ്റ് കാണുന്നതാണ്. ആ ഉത്തരവാദിത്തെ ചെറുതായി കാണുന്നില്ല. കുടുംബങ്ങളോട് അനാദരവ് കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മെച്ചപ്പെട്ട വ്യക്തിയാകുമെന്ന് ഞാന്‍ വാക്ക് തരുന്നു. വീഡിയോയിലെ ആ ഭാഗം നീക്കം ചെയ്യാന്‍ ഞാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാപ്പ് പറയുന്നു. ഒരു മനുഷ്യനായി കണ്ട് മാപ്പ് തരുമെന്ന് പ്രതീക്ഷിക്കുന്നു – എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ ഇയാള്‍ പറഞ്ഞു.