മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിലേക്ക്? സംബിത് പാത്ര ഇന്ന് ബിജെപി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും
മണിപ്പൂരില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തുടക്കം. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിരീക്ഷകനായി തുടരുന്ന സംബിത് പാത്ര എംപി ഇന്ന് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം ബാക്കിനില്‍ക്കെ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത.
മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ അപ്രതീക്ഷിത രാജിക്കു പിന്നാലെ മണിപ്പൂര്‍ രാഷ്ട്രീയം വീണ്ടും കലുഷിതമാവുകയാണ്. എന്‍ ബിരേന്‍ സിംഗിന്റെയും മന്ത്രിസഭയുടെയും രാജി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല അംഗീകരിച്ചു. ബദല്‍ സംവിധാനം ഉണ്ടാകുന്നതുവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ബിരേന്‍ സിംഗിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവച്ച പശ്ചാത്തലത്തില്‍ ഇന്നു വിളിച്ചുചേര്‍ക്കാന്‍ ഇരുന്ന നിയമസഭാ സമ്മേളന ഉത്തരവും ഗവര്‍ണര്‍ റദ്ദാക്കി.
ബി ജെ പി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം മണിപ്പൂരില്‍ തുടരുന്ന സംബിത് പാത്ര എംപി ഇന്ന് ബിജെപി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആണ് സാധ്യത. എന്നാല്‍ നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും എന്ന ഭയത്തിലാണ് ബിരേന്‍ സിംഗിന്റെ രാജി എന്നാണ് കോണ്‍ഗ്രസ് ആരോപണം. മുഖ്യമന്ത്രി രാജിവച്ചതിന് പിന്നാലെ ഇംഫാലില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.