SportsTop News

ഏക ദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യന്‍കുതിപ്പ്; വലിയ സ്‌കോര്‍ മറികടന്നത് രോഹിത്തിന്റെ സെഞ്ച്വറി മികവില്‍

Spread the love

ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയും അടിച്ചെടുത്ത് ടീം ഇന്ത്യ. കട്ടക്കില്‍ നടന്ന ഏകദിനത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. 90 പന്തില്‍ നിന്ന് 119 റണ്‍സ് അടിച്ച്, സെഞ്ച്വറി മികവില്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം നടത്തിയ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയാണ് ഇംഗ്ലണ്ട് ഉയര്‍ത്തിയ വലിയ വിജയലക്ഷ്യം മറികടക്കാന്‍ ടീം ഇന്ത്യക്ക് ധൈര്യം പകര്‍ന്നത്. 33 പന്തുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് നല്‍കിയ 305 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നു.

ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സില്‍ ആസൂത്രണത്തോടെയുള്ള കളിയായിരുന്നു കാഴ്ച്ചവെച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും ബെന്‍ ഡക്കറ്റും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 81 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 29 പന്തില്‍ 26 റണ്‍സെടുത്ത സാള്‍ട്ടിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.പിന്നീട് സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഡക്കറ്റും പുറത്തായി. 56 പന്തില്‍ പത്ത് ബൗണ്ടറിയടക്കം 65 റണ്‍സ് അടിച്ചുകൂട്ടിയ ഡക്കറ്റിനെ രവീന്ദ്ര ജഡേജ പുറത്താക്കി. ഹാര്‍ദിക് പാണ്ഡ്യയാണ് ക്യാച്ച് എടുത്ത് ഡക്കറ്റിനെ ക്രീസില്‍ നിന്ന് പറഞ്ഞയച്ചത്. പിന്നീട് ഹാരി ബ്രൂക്കിനെ കൂട്ടുപിടിച്ച് ജോ റൂട്ട് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 52 പന്തില്‍ 31 റണ്‍സെടുത്ത ബ്രൂക്കിനെ ഹര്‍ഷിത് റാണ പുറത്താക്കി. പിന്നീട് റൂട്ടും ജോസ് ബട്‌ലറും ചേര്‍ന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 35 പന്തില്‍ 34 റണ്‍സെടുത്ത ബട്‌ലറെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ രക്ഷകനായത്. അടുത്തത് റൂട്ടിന്റെ ഊഴമായിരുന്നു. 72 പന്തില്‍ ആറ് ബൗണ്ടറി നേടിയ റൂട്ട് 69 റണ്‍സ് സമ്പാദിച്ചാണ് പുറത്തുപോയത്. ഈ വിക്കറ്റും രവീന്ദ്ര ജഡേജയ്ക്കായിരുന്നു. തുടര്‍ന്നെത്തിയ ജാമി ഒവര്‍ട്ടെനെ അധികം വാഴാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടില്ല. പത്ത് പന്തില്‍ നിന്ന് ആറ് റണ്‍സെടുത്ത് നിന്ന ഒവെര്‍ട്ടനെ ജഡേജയാണ് തന്നെയാണ് പുറത്താക്കിയത്.

തുടര്‍ന്നെത്തിയ അറ്റ്കിന്‍സണെ മുഹമ്മദ് ഷമി പുറത്താക്കി. ഏഴ് പന്ത് നേരിട്ട അറ്റ്കിന്‍സണ്‍ വെറും മൂന്ന് റണ്‍സുമായാണ് മടങ്ങിയത്. പിന്നീട് എത്തിയ ആദില്‍ റാഷിദ്, ലിവിങ്സ്റ്റണ് പിന്തുണ നല്‍കാന്‍ ശ്രമിച്ചെങ്കിലും ആയുസുണ്ടായില്ല. അഞ്ച് പന്തില്‍ മൂന്ന് ബൗണ്ടറിയോടെ 14 റണ്‍സ് അടിച്ചെടുത്ത ആദിലിനെ ഹര്‍ഷിത് റാണ റണ്‍ഔട്ടാക്കി. പിന്നാലെ 32 പന്തില്‍ രണ്ട് വീതം ബൗണ്ടറിയും സിക്‌സ്‌റും സഹിതം 41 റണ്‍സെടുത്ത ലിവിങ്സ്റ്റണും റണ്‍ഔട്ടായി. ശ്രേയസ് അയ്യരാണ് പുറത്താക്കിയത്. പിന്നാലെ എത്തിയ സാഖിബ് മഹ്‌മൂദ് നേരിട്ട ആദ്യ പന്തില്‍തന്നെ റണ്‍ഔട്ടായി. 56 റണ്‍സെടുക്കുന്നതിനിടയിലാണ് അവസാന ആറ് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായത്.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ പത്ത് ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ഷിത് റാണ, ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ട് മത്‌സരഫലങ്ങളും ഇന്ത്യക്ക് അനുകൂലമായതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.