സ്വകാര്യ സർവകലാശാലകൾക്ക് അനുമതി; കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി. കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കും. ഈ മാസം 13ന് ബിൽ സഭയിൽ കൊണ്ടുവരാൻ ധാരണ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും സി.പി.ഐ മന്ത്രിമാർ എതിർപ്പ് ഉന്നയിച്ചു. എതിർപ്പിനെ തുടർന്ന് കരട് ബില്ലിൽ ചില മാറ്റങ്ങൾ വരുത്താൻ ധാരണ.
സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുമ്പോൾ നിലവിലുള്ള സർവകലാശാലകളുടെ അവസ്ഥ എന്താകുമെന്നും ഇതിനെപ്പറ്റി പഠനങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് സിപിഐ മന്ത്രിമാർ യോഗത്തിൽ ഉന്നയിച്ചു. സംവരണവുമായി ബന്ധപ്പെട്ട ആശങ്കകളും സിപിഐ ഉയർത്തി. കേരളത്തിലെ വിദ്യാർഥികൾക്ക് 35 ശതമാനം സംവരണം എന്ന വ്യവസ്ഥ കരട് ബില്ലിൽ ഉൾപ്പെടുത്താമെന്ന ധാരണയുണ്ട്. കെ രാജൻ, പി പ്രസാദ് എന്നീ മന്ത്രിമാരാണ് സിപിഐ പ്രതിനിധികൾ.
സംവരണ മാനദണ്ഡങ്ങൾ പാലിച്ച് മെഡിക്കൽ- എഞ്ചിനീയറിങ്ങ് കോഴ്‌സുകളടക്കം നടത്താൻ അനുമതി നൽകുന്ന കരട് ബില്ലാണ് തയ്യാറാക്കിയിരിക്കുന്നത്. സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകുന്നത് സംബന്ധിച്ച കാര്യങ്ങൾ കഴിഞ്ഞ ക്യാബിനറ്റിൽ തന്നെ ചർച്ചയ്ക്ക് വന്നിരുന്നെങ്കിലും പി പ്രസാദ് ഉൾപ്പെടെയുള്ള സിപിഐ മന്ത്രിമാർ എതിർപ്പറിയിരിച്ചിരുന്നു. പിന്നീട് ബിൽ എടുക്കാതെ മാറ്റി വയ്ക്കുകയായിരുന്നു.