NationalTop News

തിരുപ്പതി ലഡ്ഡു വിവാദം; നെയ്യ് വിതരണം ചെയ്ത നാല് പേർ അറസ്റ്റിൽ

Spread the love

തിരുപ്പതി ലഡ്ഡു വിവാദത്തിൽ നാലുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. നെയ്യ് വിതരണം ചെയ്ത മൂന്ന് കമ്പനി മേധാവികൾ ഉൾപ്പടെയാണ് അറസ്റ്റിലായത്. . ലഡ്ഡു നിർമാണത്തിനുള്ള നെയ്യ് വിതരണം ചെയ്ത തമിഴ് നാട് ദിണ്ടിഗലിലെ എആർ ഡയറി ഡയറക്ടർ രാജശേഖർ അടക്കം 4 പേരാണ് അറസ്റ്റിലായത്. നിലവാരം കുറഞ്ഞ നെയ്യ് നൽകിയതിനാണ് അറസ്റ്റ് എന്ന് സൂചന.

ലഡ്ഡു ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്ന നെയ്യിൽ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്ന് ലാബ് റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിലെ സെൻ്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF) ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് പ്രസിദ്ധമായ തിരുപ്പതി ലഡു നിർമ്മിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി അറിയിച്ചത്.

എന്നാൽ ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാൻ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞതോടെയാണ് വിവാദം ആളിക്കത്തിയത്. ശ്രീകോവിലിൻ്റെ മേൽനോട്ടം വഹിക്കുന്ന ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നായിഡുവിൻ്റെ അവകാശവാദം അംഗീകരിച്ചതോടെ ഈ വിഷയം വലിയ വിവാദത്തിന് തിരികൊളുത്തുകയായിരുന്നു.