KeralaTop News

9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസ്, പ്രതി കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ

Spread the love

കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരി ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷെജിലിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ. പുറമേരി സ്വദേശി ഷെജിലാണ് പിടിയിലായത്. ലുക്കൗട്ട് സർക്കുലർ നിലവിലുള്ളതിനാൽ ഇയാളെ എയർപോർട്ടിൽ വെച്ച് പിടികൂടുകയായിരുന്നു. വടകരയിൽ നിന്നുള്ള പൊലീസ് സംഘത്തിന് ഇയാളെ കൈമാറും.

ഫെബ്രുവരി 17 ന് ദേശീയ പാത വടകര ചോറോട് വെച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമ അവസ്ഥയിൽ തുടരുകയാണ് 9 വയസ്സുകാരി ദൃഷാന. ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം അപകടം നടന്ന് ഒമ്പത് മാസത്തിന് മാസത്തിന് ശേഷമാണ് പൊലീസ് കണ്ടെത്തിയത്. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചത്. പുറമേരി സ്വദേശിയായ ഷെജിൽ എന്ന ആള്‍ ഓടിച്ച കാറാണ് ദൃഷാനയെ ഇടിച്ചതെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 14 നാണ് പ്രതി വിദേശത്തേക്ക് കടന്നു.

ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. കാര്‍ മതിലില്‍ ഇടിച്ചെന്ന് വരുത്തിയാണ് പ്രതി ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിച്ചത്. അപകടത്തിന് ശേഷം വാഹനത്തിന് രൂപമാറ്റം വരുത്തിയെന്നും പൊലീസ് കണ്ടെത്തി. അന്വേഷണത്തിന്‍റെ ഭാഗമായി 50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളും പൊലീസ് പരിശോധിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒമ്പത് മാസമായി കോമ അവസ്ഥയിൽ തുടരുന്ന ദൃഷാനയുടെയും കുടുംബത്തിന്റെയും ദുരിതം ഏഷ്യാനെറ്റ്‌ ന്യൂസാണ്‌ പുറത്തെത്തിച്ചത്. ഇതിന് പിന്നാലെ വലിയ ഇടപെടലുകൾ നടന്നത്.

സർക്കാരിൽ നിന്നും ഹൈക്കോടതി അടിയന്തര റിപ്പോർട്ട്‌ തേടിയിരുന്നു. എത്രയും പെട്ടന്ന് കാർ കണ്ടെത്താൻ പൊലീസിന് നിർദേശവും നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് അന്വേഷണം കാര്യക്ഷമമായത്. ജീവിതത്തിലേക്ക് തിരിച്ചുവരാൻ പൊരുതുകയാണ് ദൃഷാന.