Top NewsWorld

പുടിനെ പരിഹസിച്ച റഷ്യന്‍ ഗായകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

റഷ്യയിലെ പ്രശസ്ത ഗായകനും പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ വിമര്‍ശകനുമായ വാഡിം സ്‌ട്രോയ്കിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുക്രൈന്‍ സൈന്യത്തിന് സംഭാവന നല്‍കിയെന്ന് ആരോപിച്ച് ഇദ്ദേഹത്തിന് റഷ്യന്‍ കോടതി 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് വാഡിമിന്റെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോഴാണ് മുകളില്‍ നിന്ന് താഴെ വീണ് മരിച്ച നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പത്താംനിലയിലെ ജനലില്‍ നിന്നാകാം അദ്ദേഹം വീണതെന്നാണ് പൊലീസിന്റെ നിഗമനം.

റഷ്യന്‍ അധിനിവേശത്തിനെതിരെ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടിരുന്ന വാഡിം പുടിനെ വിഡ്ഢിയെന്ന് വിശേഷിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയ വിഷയങ്ങളില്‍ പുടിന്റെ നിത്യവിമര്‍ശകനായിരുന്നു അദ്ദേഹം.

പുടിന്‍ വിമര്‍ശകരായ നിരവധി പേര്‍ സമാനരീതിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീഴുകയോ വിഷം തീണ്ടുകയോ ചെയ്ത് ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചതിനാല്‍ പുടിന് നേരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വീണ്ടും സംശയമുന നീളുകയാണെന്ന് എന്‍വൈ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ അധിനിവേശത്തെ നിരന്തരം വിമര്‍ശിച്ചിരുന്ന റഷ്യന്‍ ബാലെ നര്‍ത്തകന്‍ വ്‌ളാദിമിര്‍ ഷ്‌ക്ലിയറോവ് കഴിഞ്ഞ നവംബറില്‍ ഒരു കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതും ഏറെ ചര്‍ച്ചയായിരുന്നു.