KeralaTop News

‘അന്ന് ആ നിഗൂഢ അര്‍ത്ഥതലങ്ങള്‍ എനിക്ക് മനസിലായിരുന്നില്ല, ഇന്ന് ഞാനറിയുന്നു…’; എം ടിയുടെ വീട്ടിലെത്തി സുരേഷ് ഗോപി

Spread the love

അന്തരിച്ച സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട് സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. എം ടി തിരക്കഥ എഴുതി മമ്മുട്ടി,സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ അഭിനയിച്ച ഒരു വടക്കന്‍ വീരഗാഥ ചിത്രം റീ റീലീസ് ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് സുരേഷ് ഗോപിയുടെ സന്ദര്‍ശനം. സിനിമയുടെ നിര്‍മ്മാതാവായ പി വി ഗംഗാധരന്റെ കുടുംബവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

വീട്ടിലെത്തി അദ്ദേഹം എം ടിയുടെ ഫോട്ടോയില്‍ ഹാരാര്‍പ്പണം നടത്തി. എം ടി മഹത്വം ആണെന്നും ഒരു വടക്കന്‍ വീരഗാഥ ഇനിയും ഒരു 35 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റീ റിലീസ് ചെയ്യാന്‍ സാധ്യതയുള്ള സിനിമയാണെന്നും സുരേഷ് ഗോപി പറഞ്ഞു. വികാരമായാലും പ്രതികാരമായാലും അതിന്റെ ഉള്‍ക്കാമ്പിലേക്കാണ് എം ടി ഇറങ്ങിച്ചെന്നത്. മുന്‍പ് വന്നിട്ടുള്ള ആഖ്യാനങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് വടക്കന്‍ വീരഗാഥെന്നും സുരേഷ് ഗോപി പറഞ്ഞു.

വടക്കന്‍ വീരഗാഥയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് 28 വയസായിരുന്നുവെന്ന് സുരേഷ് ഗോപി ഓര്‍മിക്കുന്നു. അന്ന് സിനിമ പറയുന്ന നിഗൂഢ അര്‍ത്ഥ തലങ്ങള്‍ മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. ഭാര്യമായ സങ്കല്‍പ്പത്തെക്കുറിച്ച് പോലും പൂര്‍ണമായി അറിവില്ല. അന്ന് തന്റെ പ്രായമുള്ളവരൊക്കെ ഇന്ന് കല്ല്യാണം കഴിക്കാന്‍ പ്രായമായ മക്കളുടെ അച്ഛനമ്മമാരാണ്. അവര്‍ക്ക് അന്ന് സിനിമ കണ്ട് മനസിലാക്കാന്‍ പറ്റാതെ പോയ അര്‍ത്ഥതലങ്ങള്‍ മനസിലാക്കാന്‍ റീറിലീസ് ഒരു അവസരമാണെന്നും സുരേഷ് ഗോപി പറഞ്ഞു.