ഏകദിന പരമ്പര സ്വന്തമാക്കാനുറച്ച് ടീം ഇന്ത്യയും സമനിലക്കായി പൊരുതാന്‍ ഇംഗ്ലണ്ടും ഇന്ന് കളത്തില്‍
നാഗ്പൂരില്‍ നടന്ന ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തിലെ മിന്നും വിജയത്തിന് ശേഷം ടീം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം മത്സരം ഞായറാഴ്ച ഉച്ചക്ക് ഒന്നരക്ക് കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടക്കും. നിലവില്‍ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്. ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ മികച്ച പ്രകടനങ്ങളായിരുന്നു ആദ്യമത്സരത്തിലെ വിജയത്തിലേക്ക് നയിച്ചത്. എന്നാല്‍ ഞായറാഴ്ചത്തെ രണ്ടാം ഏകദിനം തീപാറുന്നതായിരിക്കും. ഇന്ത്യ പരമ്പര സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ ഇംഗ്ലണ്ട് അത് സമനില നേടാനുള്ള പോരാട്ടമായിരിക്കും കാഴ്ച്ചവെക്കുക.
ശനിയാഴ്ച ടീം ഇന്ത്യ ബരാബതി സ്റ്റേഡിയത്തില്‍ നെറ്റ് പ്രാക്ടീസ് സെഷന്‍ നടത്തി. എന്നാല്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോസ് ബട്ട്ലര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഗോള്‍ഫ് കളിച്ചു. ഇതിനായി ടീം ഇംഗ്ലണ്ട് ഭുവനേശ്വര്‍ ഗോള്‍ഫ് ക്ലബ്ബിലേക്ക് പോയിരുന്നു. ലിയാം ലിവിംഗ്സ്റ്റണ്‍, ഹാരി ബ്രൂക്ക്, ജോ റൂട്ട്, ബെന്‍ ഡക്കറ്റ്, മാത്യു ഷോര്‍ട്ട്, ക്രെയ്ഗ് ഓവര്‍ട്ടണ്‍ തുടങ്ങിയ കളിക്കാര്‍ ബട്ട്ലറിനൊപ്പം ഗോള്‍ഫ് കളിക്കാനെത്തിയിരുന്നു.
അതേ സമയം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ശനിയാഴ്ച പുരി ശ്രീ മന്ദിര്‍ സന്ദര്‍ശിച്ചു. പോലീസ് അകമ്പടിയോടെ ഇ-ഓട്ടോയില്‍ ശ്രീ മന്ദിറിനുള്ളിലേക്ക് പോയ താരങ്ങളെ ആചാരപരമായ സ്വീകരണമൊരുക്കി ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിച്ചു. ക്ഷേത്ര ദര്‍ശനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ താരങ്ങള്‍ ഭാരവാഹികളോട് നന്ദി പറഞ്ഞു. ‘ദര്‍ശനം വളരെ മികച്ചതായിരുന്നു, നന്ദി.’ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ സാമൂഹിക മാധ്യമത്തിലും ദര്‍ശനം സംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചിരുന്നു.