NationalTop News

ഇനിയൊരു ശക്തമായ തിരിച്ചുവരവിന് ആപ്പിന് മുന്നില്‍ തടസങ്ങളേറെ; കാത്തിരിക്കുന്നത് നേതാക്കളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം?

Spread the love

അഴിമതിക്ക് എതിരെ പോരാടാന്‍ ഉദയം കൊണ്ട ആം ആദ്മി പാര്‍ട്ടി അഴിമതിയില്‍ തന്നെ കുടുങ്ങി. ഈ തിരഞ്ഞെടുപ്പിലെ പരാജയം ആംആദ്മിയുടെ ഭാവി നിര്‍ണയിക്കുന്നത് കൂടിയാണ്. ആംആദ്മി പാര്‍ട്ടിക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടോ എന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബാധിച്ചത് ആം ആദ്മി പാര്‍ട്ടിയുടെ കെട്ടുറപ്പിനെയാണ്. പാര്‍ട്ടിയുടെ നെടുംതൂണ്‍ അരവിന്ദ് കെജ്രിവാളിന്റെ പരാജയം പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ കൂടുതല്‍ കെടുത്തി. അധികാരവും ആത്മവിശ്വാസവും നഷ്ടപ്പെട്ട പാര്‍ട്ടിയുടെ നിലവിലെ ഭയം കൂറുമാറ്റം ആണ്. പാര്‍ട്ടിയിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ട് നേതാക്കള്‍ മറ്റു പാര്‍ട്ടികളിലേക്ക് അഭയം തേടുമോ എന്നാണ് ആംആദ്മി പാര്‍ട്ടിക്ക് ഉള്ളിലെ ആശങ്ക. പാര്‍ട്ടിയില്‍ പല നേതാക്കളുമായി ബിജെപി ബന്ധപ്പെട്ടെന്ന് അരവിന്ദ് കേജ്രിവാള്‍ തന്നെ വ്യക്തമാക്കിയിരുന്നു. കൂട്ടത്തോടെ ഒരു കൂറുമാറ്റം ഉണ്ടായാല്‍ പാര്‍ട്ടിയുടെ ഭാവി അവതാളത്തിലാകും.

ക്രിയാത്മക പ്രതിപക്ഷമായി നിയമസഭയില്‍ ശക്തി കാട്ടാന്‍ ഒരുങ്ങുമ്പോഴും ആംആദ്മി പാര്‍ട്ടിയുടെ പ്രതിസന്ധികള്‍ ഒഴിയുന്നില്ല. കള്ളപ്പണ-മദ്യനയ അഴിമതി കേസുകളില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ നേതാക്കള്‍ക്ക് ഒരിക്കല്‍ക്കൂടി ജയിലില്‍ പോകേണ്ടി വരുമോ എന്നതാണ് ആം ആദ്മി പാര്‍ട്ടിക്കുള്ളിലെ മറ്റൊരു ചര്‍ച്ച. നേതാക്കള്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ ഉണ്ടാകുന്ന നേതൃക്ഷാമം പാര്‍ട്ടിയുടെ ഭാവിയെ തന്നെ തകര്‍ക്കും.

അധികാരത്തില്‍ തിരിച്ചെത്തുന്ന ബിജെപിക്ക് കോണ്‍ഗ്രസിനേക്കാള്‍ ആംആദ്മി പാര്‍ട്ടി ആയിരിക്കും വെല്ലുവിളി.ബിജെപിയുടെ ഭരണനിര്‍വഹണത്തില്‍ ഏതെങ്കിലും തരത്തില്‍ വീഴ്ചകള്‍ ഉണ്ടായാല്‍ ഡല്‍ഹിയിലെ തെരുവുകള്‍ ആം ആദ്മി പാര്‍ട്ടി പ്രതിഷേധത്തിന്റെ വേദികള്‍ ആകുമെന്നതില്‍ സംശയമില്ല. ഒരു തിരിച്ചുവരവിന് ആം ആദ്മി പാര്‍ട്ടിക്ക് മറികടക്കാന്‍ ഒരുപാടുണ്ട് കടമ്പകള്‍.