Thursday, February 13, 2025
Latest:
KeralaTop News

ഞാനോ പാര്‍ട്ടിയോ പണം സ്വീകരിച്ചിട്ടില്ല, അനന്തുവിന്റെ ആരോപണം ഒരു തട്ടിപ്പുകാരന്റെ വാക്കുകള്‍ മാത്രം: സി വി വര്‍ഗീസ്

Spread the love

പാതിവില തട്ടിപ്പില്‍ താന്‍ പണം വാങ്ങിയെന്ന ആരോപണം പൂര്‍ണമായും നിഷേധിച്ച് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. പ്രതി അനന്തു കൃഷ്ണന്റെ ആരോപണം ഒരു തട്ടിപ്പുകാരന്റെ വാക്കുകളായി മാത്രം കണ്ടാല്‍ മതിയെന്ന് സി വി വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. താനോ പാര്‍ട്ടിയോ അനന്തു കൃഷ്ണനില്‍ നിന്ന് 25 ലക്ഷം രൂപ സ്വീകരിച്ചിട്ടില്ല. തന്റെ പേരില്‍ അനന്തുവില്‍ നിന്ന് പണം വാങ്ങാന്‍ ആരേയും താന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും ചെയ്‌തോ എന്ന് അന്വേഷണത്തില്‍ കണ്ടത്തെട്ടേയെന്നും അത് തന്റെ ഉത്തരവാദിത്തമല്ലെന്നും സി വി വര്‍ഗീസ് പറഞ്ഞു.

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിലപാട് എന്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിശദീകരിച്ചിട്ടുണ്ടെന്ന് സി വി വര്‍ഗീസ് പറഞ്ഞു. തട്ടിപ്പിന്റെ പേരില്‍ പണം വാങ്ങിച്ചിട്ടുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പാര്‍ട്ടി തീരുമാനം. തനിക്ക് അനന്തു കൃഷ്ണനോട് സൗഹൃദമുണ്ടായിരുന്നെന്നും കണ്ട് സംസാരിച്ചതിന് അപ്പുറത്തേക്ക് യാതൊരു ഇടപാടുകളും നടന്നിട്ടില്ലെന്നും സി വി വര്‍ഗീസ് വ്യക്തമാക്കി.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ അമ്പതിലധികം നേതാക്കള്‍ക്ക് പണമെത്തിക്കുന്ന പൊളിറ്റിക്കല്‍ ഫണ്ടറായിരുന്നു അനന്തു കൃഷ്ണനെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് എംപിമാര്‍ക്ക് സമ്മാനപ്പൊതിയെന്ന ഓമനപ്പേരില്‍ 45 ലക്ഷത്തോളം രൂപ അനന്തുകൈമാറിയെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇതിന്റെ രേഖകളും അനന്തുവിന്റെ ഐപാഡിലും ഡയറിയിലുമുണ്ട്. ചില പാര്‍ട്ടികളുടെ സെക്രട്ടറിമാര്‍ക്ക് ഒറ്റത്തവണയായി അനന്തു 25 ലക്ഷം രൂപയിലേറെ നല്‍കിയെന്നും രേഖയുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ പൊലീസ് ജനപ്രതിനിധികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സ്‌കൂട്ടര്‍ വാഗ്ദാനം നല്‍കി അനന്തു പണം വാങ്ങിയത് 40000 പേരില്‍നിന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പതിനെണ്ണായിരം പേര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തതായി കണ്ടെത്തി. തട്ടിപ്പ് പണം പിരിക്കാന്‍ നിന്ന് ജീവനക്കാര്‍ക്ക് താമസിക്കാന്‍ ഫ്‌ലാറ്റുകള്‍ ഉള്‍പ്പെടെ വാടകയ്ക്ക് എടുത്ത് നല്‍കി. ഇവരുടെ താമസം സൗജന്യമായിരുന്നു. ഗൃഹോപകരണങ്ങള്‍ പകുതി വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞ 95000 പേരില്‍ നിന്നും പണം വാങ്ങി. ഇടുക്കി ജില്ലയില്‍ അനന്തു ബിനാമി പേരുകളിലും സ്ഥലം വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അനന്തുവിനെതിരെ കണ്ണൂരിലെ പരാതികള്‍ മാത്രം 2500ന് മുകളിലാണ്. വയനാട്ടില്‍ വിവിധ പരാതികളിലായി 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാസര്‍ഗോഡ് ഒരു വായനശാല കേന്ദ്രീകരിച്ചും ഇയാള്‍ പണം വാങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. കാസര്‍ഗോട്ടെ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും.