KeralaTop News

യുവാവിന് വെട്ടേറ്റ സംഭവം; ആക്രമണത്തിന് കാരണം പ്രണയം വിലക്കിയതിലുള്ള വിരോധമെന്ന് പൊലീസ്, ‘മുൻ പരിചയമില്ല’

Spread the love

മലപ്പുറം: മലപ്പുറം വേങ്ങരയ്ക്ക് സമീപം വീണാലുക്കലിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ പ്രണയം വിലക്കിയതിലുള്ള വിരോധമാണെന്ന് പൊലീസ്. 28കാരനായ സുഹൈബിനെ 18കാരനായ റാഷിദാണ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ആക്രമണത്തിന് ശേഷം മലപ്പുറം സ്വദേശിയായ റാഷിദ് പൊലീസിൽ കീഴടങ്ങി.

ബന്ധുവായ പെൺകുട്ടിയുമായുള്ള പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് സുഹൈബ് റാഷിദിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലെ‌ വൈരാഗ്യമാണ് വധശ്രമത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ റാഷിദുമായി മുൻ പരിചയമില്ലെന്നും, മുമ്പ് നേരിൽ കണ്ടിട്ട് പോലുമില്ലെന്നാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുഹൈബ് പൊലീസിന് മൊഴി നൽകിയത്.
ഇന്നലെ രാത്രിയാണ് മദ്രസ അധ്യാപകനായ സുഹൈബിന് വീടിന് സമീപത്ത് വച്ച് വെട്ടേറ്റത്. വീണാലുക്കലിലെത്തിയ പ്രതി ആദ്യം സുഹൈബിൻ്റെ വീട് നാട്ടുകാരോട് ചോദിച്ചുറപ്പിച്ച ശേഷം ഇയാളെ കാത്ത് മണിക്കൂറോളം വഴിയിൽ നിന്നു. ഒമ്പത് മണിയോടെ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ സുഹൈബിനെ സ്കൂട്ടർ തടഞ്ഞ് നിർത്തി വെട്ടി. വീട്ടിലേക്കോടിയ സുഹൈബിനെ പിന്തുടർന്നും ആക്രമിച്ചു. കൈയ്യിലും കാലിലും പുറത്തുമായി 7 തവണ വെട്ടി.

നാട്ടുകാർ ഓടി കൂടിയതോടെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട റാഷിദ് പുലർച്ചെ മൂന്ന് മണിയോടെ വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഏറെക്കാലമായി മാതാപിതാക്കൾക്കൊപ്പം അബുദാബിയിലായിരുന്ന പ്രതി പ്ലസ് ടു പഠനത്തിന് വേണ്ടിയാണ് കേരളത്തിലേക്കെത്തിയത്. അപകട നില തരണം ചെയ്ത സുഹൈബ് ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വധശ്രമത്തിന് കേസെടുത്ത് വേങ്ങര പൊലീസ് അന്വേഷണം ആരംഭിച്ചു.