പാതിവില തട്ടിപ്പ്; പറവൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പരാതിക്കാരുടെ നീണ്ട ക്യൂ
പാതിവില തട്ടിപ്പിൽ പരാതിക്കാരുടെ നീണ്ട ക്യൂ. പറവൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകാൻ നൂറുകണക്കിന് ഇരകളാണ് ക്യൂ നിൽക്കുന്നത്. ഇന്ന് രാവിലെ മുതലാണ് പരാതിക്കാർ പൊലീസ് സ്റ്റേഷനിൽ ക്യൂ നിന്ന് പരാതി നൽകാൻ തുടങ്ങിയത്. ഇന്ന് ഉച്ചവരെ ഏകദേശം 550 തിലേറെ പരാതികളാണ് ലഭിച്ചിരിക്കുന്നത്. നൽകുന്ന പരാതികളിൽ പ്രത്യേകം എഫ്‌ഐആർ തയ്യാറാക്കണമെന്നും എങ്കിലെ പണം തിരികെ ലഭിക്കുകയുളൂവെന്നുമാണ് പരാതിക്കാരുടെ ആവശ്യം.
എന്നാൽ സമാനമായ തട്ടിപ്പ് കേസ് ആയതിനാൽ പരാതികൾ എല്ലാം ഒറ്റ എഫ്‌ഐആർ ആക്കി പരിഗണിക്കാൻ സാധിക്കുമോയെന്ന നിയമോപദേശവും പൊലീസ് തേടിയിട്ടുണ്ട്. നിലവിൽ രണ്ട് എഫ്ഐആറുകളാണ് പറവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനിടെയാണ് സ്റ്റേഷനിലേക്ക് പരാതിക്കാരുടെ നീണ്ട നിര തന്നെ ഇവിടേക്ക് എത്തിയത്.
അതേസമയം, പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘടനകളും വ്യക്തികളുമായി നിരവധി പരാതികളാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കിട്ടുന്നത്. താമരശ്ശേരി സ്റ്റേഷനിൽ ഒരു കോടി അറുപത്തി ഏഴു ലക്ഷത്തി എഴുപത്തിഎട്ടായിരത്തി മുന്നൂറ്റി അൻപത്തിമൂന്ന് രൂപ തട്ടിയെടുത്തെന്നാണ് പരാതി. താമരശ്ശേരി IDC ചെയർമാൻ നിജേഷ് അരവിന്ദൻ്റെ പരാതിയിലാണ് കേസെടുത്തത്. 95 ലാപ്ടോപ്പ്, 120 ഹോം അപ്ലൈൻസ്, 220 സ്കൂട്ടർ എന്നിവ പാതി വിലയ്ക്ക് നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. കെ.എൻ അനന്തകുമാർ, അനന്തു കൃഷ്ണൻ, ഡോ ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ് എന്നിവരാണ് പ്രതികൾ. 2024 ഡിസംബറിലാണ് ഈ കേസിന് ആസ്പദമായ സംഭവം നടന്നത്. നിലവിൽ പാതി വില തട്ടിപ്പിൽ നടക്കാവ് സ്റ്റേഷനിൽ രണ്ടും താമരശ്ശേരിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞദിവസം അനന്തകൃഷ്ണനെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘത്തിന് നിർണായക മൊഴി ലഭിച്ചിട്ടുണ്ട്. ഇടുക്കി കോട്ടയം ,പാലക്കാട് എന്നിവിടങ്ങളിൽ ഭൂമി വാങ്ങിയെന്നാണ് അനന്തകൃഷ്ണന്റെ മൊഴി. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദ് കുമാറിന് രണ്ടു കോടി രൂപ കൈമാറിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇടുക്കിയിലെ എൽഡിഎഫ് – യുഡിഎഫ് നേതാക്കൾക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആയി പണം നൽകിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.അനന്തകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണങ്ങളിലേക്ക് പൊലീസ് കടക്കും.