NationalTop News

‘ഹസീനയുടെ പ്രസ്താവനകള്‍ വ്യക്തിപരം; ഇന്ത്യയ്ക്ക് പങ്കില്ല’ ; ബംഗ്ലാദേശിന് മറുപടിയുമായി ഇന്ത്യ

Spread the love

സമൂഹമാധ്യമങ്ങളിലൂടെ ഷെയ്ഖ് ഹസീന നടത്തിയ പ്രസ്താവനയില്‍ ബംഗ്ലാദേശ് അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെ ബംഗ്ലാദേശിന്റെ ആക്റ്റിങ്ങ് ഹൈ കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജയസ്വാളാണ് ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശുമായി പോസിറ്റീവും ക്രിയാത്മകവുമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അടുത്തിടെ നടന്ന ഉന്നതതല യോഗങ്ങളില്‍ ഇത് ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഷെയ്ഖ് ഹസീന നടത്തിയ പ്രസ്താവനകള്‍ വ്യക്തിപരമാണെന്നും അതില്‍ ഇന്ത്യയ്ക്ക് പങ്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഷേക്ക് ഹസീന, ഇന്ത്യയിലിരുന്ന് ബംഗ്ലാദേശിലെ തന്റെ അനുയായികളെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍, ധാക്കയിലെഇന്ത്യയുടെ ആക്ടിങ് ഹൈകമ്മീഷണറെ കടുത്ത പ്രതിഷേധം അറിയിച്ചത്. ഷെയ്ഖ് ഹസീനയുടെ തെറ്റായതും കെട്ടിച്ചമച്ചതുമായ അഭിപ്രായമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം. ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകള്‍ ”ബംഗ്ലാദേശില്‍ അസ്ഥിരതയുണ്ടാക്കുന്നു” എന്ന് ധാക്കയിലെ ഇന്ത്യന്‍ ആക്ടിംഗ് ഹൈക്കമ്മീഷണര്‍ക്ക് കൈമാറിയ പ്രതിഷേധ കുറിപ്പില്‍ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമായ ബന്ധം ഉണ്ടാക്കിയെടുക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് ശ്രമിക്കുമ്പോള്‍ അന്തരീക്ഷം വഷളാക്കാതെ ബംഗ്ലാദേശും സമാനമായി പ്രവര്‍ത്തിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും രണ്‍ധീര്‍ ജയസ്വാള്‍ വ്യക്തമാക്കി.