‘ഇത് സാധാരണ തെരഞ്ഞെടുപ്പ് ആയിരുന്നില്ല, നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമായിരുന്നു’: ഡൽഹി മുഖ്യമന്ത്രി
ഡൽഹി തെരെഞ്ഞെടുപ്പിൽ ആത്മവിശ്വാസം പ്രകടപ്പിച്ച് ഡൽഹി മുഖ്യമന്ത്രിയും കൽക്കാജി മണ്ഡലത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയുമായ അതിഷി. ദൈവം അനുഗ്രഹിക്കുമെന്നും ജനങ്ങളുടെ ആശീർവാദമുണ്ടെന്നും അതിഷി പറഞ്ഞു.
അരവിന്ദ് കെജ്രിവാൾ നാലാമതും മുഖ്യമന്ത്രിയാകും. ഡൽഹിയിലെ ജനങ്ങൾ ആം ആദ്മി പാർട്ടിക്കും കെജരിവാളിനും ഒപ്പം നിൽക്കുമെന്ന് തനിക്കുറപ്പുണ്ട്. ഇതൊരു സാധാരണ തെരഞ്ഞെടുപ്പ് ആയിരുന്നില്ല. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമായിരുന്നു.
ആം ആദ്മി പാർട്ടി ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന്, വോട്ടെണ്ണൽ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അതിഷി പറഞ്ഞു.
“ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ല, മറിച്ച് നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമായിരുന്നു. ഡൽഹിയിലെ ജനങ്ങൾ നന്മയ്ക്കും, ആം ആദ്മി പാർട്ടിക്കും, അരവിന്ദ് കെജ്രിവാളിനും ഒപ്പം നിൽക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം നാലാം തവണയും മുഖ്യമന്ത്രിയാകും,” അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആം ആദ്മി പാർട്ടിക്ക് എത്ര സീറ്റുകൾ ലഭിക്കുമെന്ന് ചോദിച്ചപ്പോൾ, “ഏതാനും മണിക്കൂറുകൾക്ക് ശേഷം കണക്കുകൾ വ്യക്തമാകും” എന്നും മുഖ്യമന്ത്രി പറഞ്ഞു.
2013 ലും 2015 ലും ഡൽഹിയിൽ കുറച്ചുകാലം അധികാരത്തിലിരുന്ന ആം ആദ്മി പാർട്ടിയെപ്പോലുള്ള ഒരു പാർട്ടി ഇത്രയും കുറഞ്ഞ കാലയളവിൽ രാഷ്ട്രീയത്തിൽ വിജയിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് അതിഷി പറഞ്ഞു.
“ഞങ്ങൾക്ക് പണശക്തിയോ കായികമായ ശക്തിയോ ഇല്ല. ഞങ്ങൾ മതപരമോ വോട്ട് ബാങ്ക് രാഷ്ട്രീയമോ ചെയ്യുന്നില്ല. ജനങ്ങളുടെ സ്നേഹവും ദൈവത്തിന്റെ അനുഗ്രഹവും കൊണ്ടാണ് ഞങ്ങൾ ഇന്ന് ഇവിടെ വരെ എത്തിയത്. ജനങ്ങളും ദൈവവും വീണ്ടും ഞങ്ങളുടെ മേൽ അനുഗ്രഹങ്ങൾ ചൊരിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അവർ പറഞ്ഞു.