Saturday, February 8, 2025
Latest:
NationalTop News

‘ജനവിധി ഉള്‍ക്കൊള്ളുന്നു; ബിജെപിയെ അഭിനന്ദിക്കുന്നു’ ; പ്രതികരണവുമായി അരവിന്ദ് കെജ്‌രിവാള്‍

Spread the love

തെരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരണവുമായി അരവിന്ദ് കെജ്‌രിവാള്‍. ജനവിധി തങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും വിജയിച്ച ബിജെപിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം തങ്ങള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പലതും പാലിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ തന്റെ സര്‍ക്കാരിന് കഴിഞ്ഞു. പ്രതിപക്ഷം എന്നതിന് ഉപരി ജനങ്ങളുടെ ഏത് ആവിശ്യത്തിനും തങ്ങള്‍ കാണും. ആംആദ്മി പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. പ്രവര്‍ത്തകര്‍ നടത്തിയത് കഠിനാധ്വാനമാണ് – അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി എത്തി പത്തുവര്‍ഷംകൊണ്ട് ദേശീയ പാര്‍ട്ടി പദവി സ്വന്തമാക്കിയ ആം ആദ്മി പാര്‍ട്ടി, ഇത്തവണയും ഡല്‍ഹി തെരഞ്ഞെടുപ്പിനെ നേരിട്ടത് ആദ്യ സര്‍ക്കാര്‍ നല്‍കിയ സൗജന്യങ്ങളുടെ ആത്മവിശ്വാസത്തിലാണ്. മദ്യനയ അഴിമതിയെ രാഷ്ട്രീയ പകപോക്കല്‍ എന്ന് പ്രതിരോധിച്ച ആം ആദ്മി പാര്‍ട്ടി ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ അടിപതറുകയായിരുന്നു.

പ്രതിച്ഛായ നഷ്ടപ്പെട്ട അരവിന്ദ് കെജ്‌രിവാളും, മനീഷ് സിസോദിയയും അടക്കം,ആം ആദ്മി പാര്‍ട്ടിയുടെ ഭൂരിഭാഗം സ്ഥാപക നേതാക്കള്‍ക്കും ഇത്തവണ കാലിടറിയപ്പോള്‍, ആരോപണ ശരങ്ങള്‍ എല്‍ക്കാത്ത ഗോപാല്‍ റായ്ക്ക് ബാബര്‍ പൂരില്‍ കാര്യമായ ക്ഷീണം തട്ടിയില്ല.ആദായ നികുതി പരിധി വര്‍ധിപ്പിച്ചതും, പ്രകടനപത്രിക വാഗ്ദാനങ്ങളും സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കം മധ്യവര്‍ഗത്തെ ബിജെപിക്കൊപ്പം നിര്‍ത്തി. കോണ്‍ഗ്രസിനെ വിലകുറച്ചു കണ്ടത് കെജ്‌രിവാളിന് ന്യൂനപക്ഷ സ്വാധീന മണ്ഡലങ്ങളില്‍ വിനയായി. വോട്ടു ഭിന്നിപ്പിന്റെ സാധ്യത മനസ്സിലാക്കിയ ബിജെപി പ്രചാരണ തന്ത്രങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തി.