സമൂഹമാധ്യമത്തിലൂടെ ഷെയ്ഖ് ഹസീന നടത്തിയ പ്രസ്താവന; ഇന്ത്യയോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ബംഗ്ലാദേശ്
സമൂഹമാധ്യമങ്ങളിലൂടെ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ പ്രസ്താവനയിൽ ഇന്ത്യയോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ബംഗ്ലാദേശ്.ഷെയ്ഖ് ഹസീനയുടെ തെറ്റായതും കെട്ടിച്ചമച്ചതുമായ അഭിപ്രായമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം. ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകൾ “ബംഗ്ലാദേശിൽ അസ്ഥിരതയുണ്ടാക്കുന്നു” എന്ന് ധാക്കയിലെ ഇന്ത്യൻ ആക്ടിംഗ് ഹൈക്കമ്മീഷണർക്ക് കൈമാറിയ പ്രതിഷേധ കുറിപ്പിൽ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇത്തരം കെട്ടിച്ചമച്ച പ്രസ്താവനകൾ ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇത് അനുയോജ്യമല്ലെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഇന്ത്യയിൽ ഇരുന്നുകൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകൾ തടയാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്നും രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും ധാരണയുടെയും അടിസ്ഥാനത്തിൽ നടപടി വേണമെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യയോട് അഭ്യർത്ഥിച്ചു.
അതേസമയം, അവാമി ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ ഛത്ര ലീഗ് സംഘടിപ്പിച്ച പരിപാടിയിലാണ് ഹസീന സോഷ്യല്‍ മീഡിയവഴി പൗരന്‍മാരോട് സംസാരിച്ചത്. നിലവിലെ ഭരണകൂടത്തിനെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കാന്‍ അവര്‍ ആഹ്വാനംചെയ്തു.
എന്നാൽ സോഷ്യല്‍ മീഡിയയിലൂടെ അവർ രാജ്യത്തെ അഭിസംബോധന ചെയ്തതിൽ പ്രതിഷേധിച്ച് ഷെയ്ഖ് ഹസീനയുടെ ധാക്കയിലെ വീട് പ്രതിഷേധക്കാർ ഇടിച്ചു നിരത്തി. ആയിരത്തിലേറെ കലാപകാരികളുടെ നേതൃത്വത്തിലായിരുന്നു മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് വീട് ഇടിച്ചുനിരത്തുകയും തീയിടുകയും ചെയ്തത്.
കലാപകാരികള്‍ക്ക് ഒരു കെട്ടിടം തകര്‍ക്കാന്‍ കഴിയും. പക്ഷേ, ചരിത്രം മായ്ക്കാന്‍ കഴിയില്ലെന്ന് ഷെയ്ഖ് ഹസീന പ്രതികരിച്ചു. ചരിത്രം പ്രതികാരം ചെയ്യുമെന്ന് കലാപകാരികൾ ഓർക്കണമെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി.
ഹസീനയുടെ പ്രസംഗം തുടങ്ങിയതോടെ പ്രതിഷേധക്കാര്‍ വീട്ടിലേക്ക് കയറി ചുമരുകള്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങി. പിന്നീട് എക്‌സ്‌കവേറ്ററും ക്രെയ്‌നും ഉപയോഗിച്ച് കെട്ടിടം പൂര്‍ണമായും തുടച്ചുനീക്കി. പിന്നാലെ വീട്ടിലെ സാധങ്ങളെല്ലാം അഗ്നിക്കിരയാക്കി. മുതിര്‍ന്ന അവാമി ലീഗ് നേതാക്കളുടെ വീടുകളും നശിപ്പിച്ചു.
16 വര്‍ഷം നീണ്ട അവാമി ലീഗിന്റെ ഭരണം അട്ടിമറിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്. ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യയോട് നയതന്ത്രതലത്തില്‍ ആവശ്യപ്പെട്ടിരുന്നു.