NationalTop News

ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു തിരിച്ചയച്ച നടപടി: അമേരിക്കയെ ആശങ്ക അറിയിച്ച് ഇന്ത്യ

Spread the love

ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു തിരിച്ചയക്കുന്ന നടപടിയില്‍ അമേരിക്കയെ ആശങ്ക അറിയിച്ചതായി ഇന്ത്യ. കുടിയേറ്റക്കാര്‍ക്കെതിരെ മോശമായി പെരുമാറരുതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. 487 ഇന്ത്യക്കാരെ കൂടി അമേരിക്ക തിരികെ അയക്കുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. അമേരിക്കന്‍ നടപടിയെ ന്യായീകരിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ വിലങ്ങുകളണിയിച് സൈനിക വിമാനത്തില്‍ നാടുകടത്തിയ അമേരിക്കയുടെ നടപടിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റ പ്രതികരണം. കുടിയേറ്റക്കാരോട് മോശമായി പെരുമാറരുത്. മോശം പെരുമാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിഷയം യുഎസ് അധികാരികളെ ധരിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

2012 ല്‍ ഇന്ത്യക്കാരെ വിലങ്ങണിയിച്ച് നാടുകടത്തിയതില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഇന്ത്യയില്‍ നിന്നും അനധികൃതമായി കുടിയേറിയ 487 പേരെ കൂടി തീരികെ അയക്കാനുണ്ടെന്നും, യുഎസുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ നോട്ടീസുകള്‍ ഇന്നും ചെയര്‍മാന്‍ തള്ളി.

വിഷയം പാര്‍ലമെന്റിന് പുറത്തേക്ക് ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു, പി സി സികളുടെ നേതൃത്വത്തില്‍ സംസ്ഥാന, ജില്ല ആസ്ഥാനങ്ങളില്‍ പ്രതിഷേധിക്കും ഡല്‍ഹി പിസിസി അധ്യക്ഷന്‍ ദേവേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള സംഘം ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.