പലരെയും വഴിയിൽ ഉപേക്ഷിച്ചു ,കണ്മുന്നിൽ മരണങ്ങൾ കണ്ടിട്ടും യാത്ര തുടർന്നു’ ; അമേരിക്കയിൽ നിന്ന് തിരികെയെത്തിയ ഇന്ത്യക്കാര്‍
അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം ബുധനാഴ്ചയാണ് ഇന്ത്യയിൽ എത്തിയത്. വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായിട്ടാണ് ഓരോരുത്തരും കടൽ കടന്നത്. സ്വന്തം ജീവിതം പോലും പണയപ്പെടുത്തിയാണ് അവർ യാത്ര തുടർന്നത്.വഴിയിലുടനീളം അവർ കണ്ടത് ഭീതിയുടെയും മരണത്തിന്റെയും ദിവസങ്ങളാണ്. കൂടെയുള്ളവർ നഷ്ട്ടപ്പെടുന്ന കാഴ്ച കണ്ടിട്ടും സ്വന്തം സ്വപ്‌നങ്ങൾ മാത്രം മുന്നിൽ കണ്ടാണ് ഓരോരുത്തരും യു എസ് ലക്ഷ്യമാക്കി നീങ്ങിയത്. തിരിഞ്ഞു നോക്കുമ്പോൾ നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് ഇന്നും അവർക്ക് ഓർക്കാനായി ബാക്കിയുള്ളത്. സ്വന്തം വീടും ,വസ്തുവും ഒക്കെ വിൽക്കുകയും ,പണയപ്പെടുത്തുകയും ചെയ്താണ് പലരും നാട് കടക്കാനായി ഏജന്റുമാർക്ക് പണം നൽകിയത്. വലിയ തുകയാണ് മിക്ക ഏജന്റുമാരും കൈക്കലാക്കിയത്. എന്നാൽ തിരികെയെത്തിയ ഇവർക്ക് മുന്നിൽ ഇനിയെന്ത് എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്.
എങ്ങനെയാണ് ഇവർ ആളുകളെ അമേരിക്കയിലേക്ക് എത്തിച്ചത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പല ആളുകളെയും ഏജന്റുമാർ വഴിയിൽ ഉപേക്ഷിച്ചെന്നും, യാത്രയിലുടനീളം ഒരുപാട് കഷ്ടതകൾ അനുഭവിച്ചെന്നും അവർ വിഡിയോയിൽ പറയുന്നു. യുഎസ് അതിർത്തി കടക്കുന്നതിന് മുൻപ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പനാമയിലെ വനത്തിൽ ടെന്റ് അടിച്ച് തങ്ങുന്നതും, പുരുഷന്മാർ പലരും റബർ ബൂട്ടുകൾ ധരിച്ച് ചെളിയിൽ ഇരിക്കുന്നതുമായ ദൃശ്യങ്ങൾ വിഡിയോയിൽ കാണാം.പനാമയിൽ നിന്നുള്ള ഈ യാത്ര പിന്നീട് വടക്കുതിരിഞ്ഞ് കോസ്റ്റാറിക്ക, നിക്കരാഗ്വ, ഹോണ്ടുറാസ്, ഗ്വാട്ടിമാല വഴി മെക്സിക്കോയിൽ എത്തുന്നു അവിടെ നിന്നാണ് അവർ യുഎസിലേക്ക് കടക്കുന്നത്.
13 കുട്ടികൾ ഉൾപ്പെടെ 104 ഇന്ത്യൻ കുടിയേറ്റക്കാരാണ് യുഎസ് സൈനിക വിമാനത്തിൽ നാട്ടിലെത്തിയത്. ഇതിലൊരാളായ ജസ്പാൽ സിംഗ്, യാത്രയിലുടനീളം കൈകളും കാലുകളും ബന്ധിക്കപ്പെട്ടിരുന്നുവെന്നും അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷമാണ് വിലങ്ങുകൾ അഴിച്ചതെന്നും പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഗുർദാസ്പൂരിലെ ഹർദോർവാൾ ഗ്രാമവാസിയായ ഇദ്ദേഹത്തെ ജനുവരി 24 ന് യുഎസ് അതിർത്തി പട്രോളിംഗിനിടെയാണ് പിടികൂടിയത്. നേരായ മാർഗത്തിലൂടെ അമേരിക്കയിലെത്തിക്കാമെന്നാണ് ഏജന്റ് ഉറപ്പ് നൽകിയിരുന്നത് ,തന്റെ കൈയിൽ നിന്നും ഇതിനായി 30 ലക്ഷം രൂപയും വാങ്ങി. എന്നാൽ പിന്നീടാണ് പറ്റിക്കപ്പെട്ടെന്ന് മാനസിലായതെന്നും അദ്ദേഹം പറയുന്നു
ഇതുപോലെ തട്ടിപ്പിനിരയായ വ്യക്തിയാണ് ഹർവീന്ദർ സിംഗ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്. ഖത്തർ, ബ്രസീൽ, പെറു, കൊളംബിയ, പനാമ, നിക്കരാഗ്വ വഴി മെക്സിക്കോയിലേക്ക് കൊണ്ട് പോയതായും അവിടെ നിന്ന് യുഎസിൽ എത്തിച്ചതായും അദ്ദേഹം പറയുന്നു. പോകുന്ന വഴി ഒരാൾ പനാമ വനത്തിൽ വച്ച് തന്നെ മരണപ്പെട്ടുവെന്നും,മറ്റൊരാൾ കടലിൽ മുങ്ങി മരിക്കുന്നത് കണ്ടെന്നും അദ്ദേഹം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ആദ്യം യൂറോപ്പിലേക്കും പിന്നീട് മെക്സിക്കോയിലേക്കും കൊണ്ടുപോകുമെന്നാണ് ട്രാവൽ ഏജന്റ് പറഞ്ഞത്. യാത്ര ചിലവനിയായി 42 ലക്ഷം രൂപയും നൽകി ,പലപ്പോഴും യാത്രയ്ക്കിടയിൽ കഴിക്കാൻ ബിസ്‌ക്കറ്റ് മാത്രമാണ് കിട്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപുമായുള്ള നരേന്ദ്ര മോദിയുടെ വാഷിംഗ്ടൺ സന്ദർശനം നടക്കാനിരിക്കെയായിരുന്നു യു എസ്സിന്റെ ഈ അപ്രതീക്ഷിത നടപടി.അനധികൃത കൂടിയേറ്റക്കാരെ കയറ്റി അയച്ചത് സംബന്ധിച്ച് ഇന്ത്യയും യു എസും ഔപചരികമായി ഇതുവരെ പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.