KeralaTop News

ഇടുക്കിയില്‍ പൊലീസ് അതിക്രമം; ഓട്ടോ ഡ്രൈവര്‍ക്ക് സിഐയുടെ ക്രൂരമര്‍ദനം; പരാതിയില്‍ തുടര്‍നടപടിയില്ല

Spread the love

സംസ്ഥാനത്തെ പൊലീസ് അതിക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഡിസംബര്‍ 31ന് ഇടുക്കി കൂട്ടാറില്‍ കമ്പംമെട്ട് സി.ഐ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദിയ്ക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. മുരളീധരനാണ് മര്‍ദനമേറ്റത്. ആശുപത്രി ചെലവ് വഹിക്കാമെന്ന് പറഞ്ഞ് പൊലീസ് പരാതി ഒത്തുതീര്‍പ്പാക്കി. ചികിത്സ ചിലവ് വഹിക്കാതെ വന്നതോടെ മുരളീധരന്‍ ഇടുക്കി എസ്.പിക്ക് പരാതി നല്‍കി. എന്നാല്‍ തുടര്‍ നടപടിയുണ്ടായില്ല.

ഒരു പ്രകോപനവുമില്ലാതെയാണ് തന്നെ ഉപദ്രവിച്ചതെന്ന് അക്രമത്തിനിരയായ മുരളീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. കടയില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോഴായിരുന്നു സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി. അവിടെ ആളുകള്‍ പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് സംഭവം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. മകള്‍ പറഞ്ഞാണ് പരാതി കൊടുത്തത്. 16ാം തിയതി പരാതി കൊടുത്തു. 23ാം തിയതി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഞങ്ങളെ വിളിപ്പിച്ചു. അന്ന് വൈകിട്ട് തന്നെ അന്വേഷണത്തിന് അവര്‍ ക്യാമറ ഉള്ളയിടത്തേക്ക് വന്നു. അന്ന് ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലേക്കാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഒന്‍പത് മണി മുതല്‍ ഒരു മണിവരെയുള്ള ദൃശ്യങ്ങള്‍ 26ാം തിയതി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു. അതിന്റെ രസീതും വാങ്ങിയിട്ടുണ്ട്. പിന്നീട് നടപടിയുണ്ടായില്ല – അദ്ദേഹം വ്യക്തമാക്കി.

ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും എന്നാല്‍ ഒരു കാരണവശാലും അനുവദനീയമായ കാര്യമല്ലെന്നും സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍കഗീസ് പ്രതികരിച്ചു. അനാവശ്യമായി ജനങ്ങളെ ദേഹോപദ്രവം ചെയ്ത ഉദ്യോഗസ്ഥനാണെങ്കില്‍ അയാള്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിരപരാധികളായ ആളുകളോട് മെക്കിട്ടു കയറേണ്ട യാതൊരു കാര്യവും പൊലീസിനില്ല. ഒരാളെ പരസ്യമായി തല്ലുക എന്നത് അയാളെ മാനസികമായി തകര്‍ക്കുന്നതിന് തുല്യമല്ലെ. കര്‍ശന നടപടി സ്വീകരിക്കണം. ഇപ്പോഴാണ് വിഷയം ശ്രദ്ധയില്‍പെട്ടത്. മുഖ്യമന്ത്രിയുടെയും എസ്പിയുടെയും ശ്രദ്ധയില്‍ പെടുത്തേണ്ട വിഷയമാണെങ്കില്‍ അതും ചെയ്യും. ഏതെങ്കിലും പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ ചെയ്താല്‍ അത് പൊതുവത്കരിച്ച് കാണേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മേഖലകളിലും ഇത്തരം ആളുകള്‍ ഉണ്ടല്ലോ? – സി വി വര്‍ഗീസ് വ്യക്തമാക്കി.