വന്യജീവി ആക്രമണം; കേന്ദ്രസര്‍ക്കാര്‍ നിലപാട് അപലപനീയമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടുള്ള കേരളത്തിന്‍റെ ആവശ്യങ്ങൾ തള്ളിയ കേന്ദ്രസര്‍ക്കാര്‍ നിലപാട് അപലപനീയമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. 2022-ല്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്തപ്പോള്‍ നിയമത്തിന്റെ രണ്ടാം പട്ടികയിലെ നാടന്‍ കുരങ്ങുകളെ ഒന്നാം പട്ടികയിലേക്ക് മാറ്റിയ നടപടി പിന്‍വലിക്കില്ലെന്നും കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്നും കേന്ദ്ര വനം- പരിസ്ഥിതി വകുപ്പുമന്ത്രി രാജ്യസഭയില്‍ നല്‍കിയ മറുപടി അപലപനീയവും നിരാശജനകമാണെന്നും വനം വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം എ.എ റഹീം ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മനുഷ്യ -വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നത് സംബന്ധിച്ച ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളം സമര്‍പ്പിച്ച മെമ്മോറാണ്ടം സംബന്ധിച്ച ചോദ്യത്തിന് നല്‍കിയ മറുപടി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നിരസിക്കുന്നതും സംസ്ഥാന നിയമസഭ ഐക്യകണ്‌ഠ്യേന പാസ്സാക്കിയ പ്രമേയത്തിലെ ആവശ്യങ്ങള്‍ അവഗണിക്കുന്നതുമാണ്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തില്ലെന്ന് വ്യക്തമാക്കുന്ന മറുപടിയാണ് ഇത് എന്നും മന്ത്രി പറഞ്ഞു.
മലയോര മേഖലകളില്‍ കുരങ്ങ് ശല്യം വര്‍ദ്ധിച്ചു വരവെ പട്ടിക രണ്ടില്‍ പെട്ട കുരങ്ങുകളെ പട്ടിക ഒന്നില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്നതിനും അവയുടെ വംശ വര്‍ദ്ധനവിന് അനുകൂലമായതുമായ നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ വകുപ്പ് 62 പ്രകാരം കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് അധികാരം. ഈ അധികാരം കേന്ദ്രം വിനിയോഗിക്കുന്നില്ല.
സംസ്ഥാനത്തെ മലയോര മേഖലയെ ബാധിച്ചുകൊണ്ടിരിക്കുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമവും അതിന്‍ കീഴില്‍ പുറപ്പെടുവിച്ച ചട്ടങ്ങളും അഡൈ്വസറികളും നടപടിക്രമങ്ങളും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറും കാലാനുസൃതമായി ഭേദഗതി ചെയ്താല്‍ മാത്രമെ സാധിക്കുകയുള്ളൂവെന്നും അതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ കേരളത്തിലെ യു.ഡി.എഫ് എം.പിമാര്‍ ആരും തന്നെ പാര്‍ലമെന്റില്‍ ഫലപ്രദമായി ഇടപെടാത്തതില്‍ മന്ത്രി നിരാശ അറിയിച്ചു.