KeralaTop News

ബോംബ് പൊട്ടുന്ന ശബ്ദത്തോടെയാണ് സ്റ്റീമർ പൊട്ടി തെറിച്ചത്, ഒരാൾക്ക് ശരീരമാകെ പൊള്ളലേറ്റു’ ; കലൂർ പൊട്ടിത്തെറിയിൽ ദൃക്‌സാക്ഷി

Spread the love

കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപം പ്രവർത്തിച്ചുവരുന്ന ഐ ഡെലി കഫെയിലുണ്ടായ സ്റ്റീമർ പൊട്ടിത്തെറിയിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ദൃക്‌സാക്ഷി. ‘ ബോംബ് പൊട്ടുന്ന ശബ്ദത്തോടെയാണ് സ്റ്റീമർ പൊട്ടി തെറിച്ചത്. സൗണ്ട് കേട്ടിട്ടാ ഞങ്ങള്‍ ഓടിവന്നത്, ഒരാള്‍ക്ക് അപകടത്തിൽ പൊള്ളലേറ്റ് തൊലി മൊത്തം പോയിരുന്നു. കണ്ടു നിൽക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. പരുക്കേറ്റവരെ കാറുകളിൽ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരു തൊഴിലാളിക്ക് തലയ്ക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്’ ദൃക്‌സാക്ഷി പറഞ്ഞു.

ഹോട്ടലിലെ അടുക്കളവശത്താണ് അപകടം നടന്നത്. അതെ സമയം തന്നെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി അൻപതോളം പേർ ഉണ്ടായിരുന്നു. ആളുകൾ ഇരിക്കുന്നിടത്തേക്ക് പൊട്ടിത്തെറി ഉണ്ടാവാതിരുന്നത് ആശ്വാസമായെന്നും ദൃക്‌സാക്ഷി പറയുന്നു.

ഇന്ന് വൈകുന്നേരം നാലു മണിക്കാണ് സംഭവം. അപകടത്തിൽ കിരൺ (ഒഡിഷ), അലി (അസം) ലുലു, കൈക്കോ നബി( നാഗാലാ‌ൻഡ്) എന്നിവർക്കാണ് പരുക്കേറ്റിരിക്കുന്നത്. ഒരാൾ മരിച്ചു. ഗുരുതരാവസ്ഥയിലായ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റവരെ രണ്ടു ആശുപത്രികളിലായി പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

അതേസമയം, പൊട്ടിത്തെറിയുണ്ടായ ഹോട്ടലിൽ ഫോറൻസിക് പരിശോധന നടത്തുകയാണ്. ഹോട്ടലിലെ പരുക്കേറ്റ തൊഴിലാളികൾ എല്ലാവരും ഇതര സംസ്ഥാനക്കാരാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവോ എന്ന് പരിശോധിക്കുമെന്നും പാലാരിവട്ടം എസ്എച്ച്ഒ രൂപേഷ് കെആർ പറഞ്ഞു.