KeralaTop News

പാറശാല ഷാരോണ്‍ വധക്കേസ്: വധശിക്ഷയ്ക്ക് എതിരെ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

Spread the love

പാറശാല ഷാരോണ്‍ വധക്കേസില്‍ വധശിക്ഷയ്ക്ക് എതിരെ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണം എന്നാണാവശ്യം. അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രാഥമിക നടപടിയെന്ന നിലയില്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാനാണ് സാധ്യത.

ഗ്രീഷ്മ നടത്തിയത് സമര്‍ത്ഥമായ കുറ്റകൃത്യമെന്ന് കോടതി വിലയിരുത്തി. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന് കോടതി മൂന്ന് വര്‍ഷം തടവും വിധിച്ചു. അന്വേഷണം വഴിതിരിച്ചുവിട്ട കുറ്റത്തിന് കോടതി അഞ്ച് വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും കൊലപാതകത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവും കൊലപാതകത്തിന് വധശിക്ഷയുമാണ് കോടതി വിധിച്ചിരുന്നത്.

നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ എം ബഷീര്‍ ആണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിയായും വധശിക്ഷ കാത്തുനില്‍ക്കുന്ന കേരളത്തിലെ രണ്ടാമത്തെ സ്ത്രീയായും ഗ്രീഷ്മ മാറുകയും ചെയ്തു. ഷാരോണ്‍ രാജ് വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു.

മാധ്യമവാര്‍ത്തകള്‍ നോക്കിയല്ല ഈ കേസില്‍ ശിക്ഷ വിധിച്ചതെന്ന് നെയ്യാറ്റിന്‍കര കോടതി ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഗ്രീഷ്മയ്ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ കൃത്യമായി ശേഖരിച്ച അന്വേഷണസംഘത്തെ കോടതി അഭിനന്ദിക്കുകയും ചെയ്തു. ജ്യൂസ് ചലഞ്ച് നടത്തിയ വിഡിയോ ഷാരോണ്‍ മുന്‍പ് റെക്കോര്‍ഡ് ചെയ്ത് വച്ചതാണ് ഗ്രീഷ്മയ്ക്ക് കൂടുതല്‍ കുരുക്കായത്. ഗ്രീഷ്മയ്ക്കെതിരെ വധശ്രമവും ഇതോടെ തെളിഞ്ഞിട്ടുണ്ടെന്നും ഗ്രീഷ്മ മുന്‍പും കൊലയ്ക്ക് ശ്രമിച്ചെന്നും കോടതി വ്യക്തമാക്കി. പ്രതിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.