NationalTop News

നാല് വയസുകാരനടക്കം 12 കുട്ടികൾ, 25 സ്ത്രീകൾ; 40 മണിക്കൂർ നീണ്ട ആകാശയാത്ര; ആ 104 ഇന്ത്യാക്കാരുടെ മുന്നിൽ ജീവിതം ഇനിയൊരു ചോദ്യചിഹ്നം

Spread the love

സാധാരണ യാത്രാ വിമാനത്തിൻ്റെ കെട്ടും മട്ടുമൊന്നുമായിരുന്നില്ല അകത്ത്. പരിമിതമായ സൗകര്യങ്ങളിൽ 40 മണിക്കൂർ ഇരുന്നു. മെക്സിക്കോയുടെ അതിർത്തി കടന്ന കഷ്ടപ്പാട് ഓർക്കുമ്പോൾ ഈ യാത്ര അവർക്ക് വലിയ വെല്ലുവിളിയായിരുന്നിരിക്കില്ലെന്ന് ഉറപ്പ്. പക്ഷെ നല്ലൊരു ജീവിതം തേടി പുറപ്പെട്ട്, താണ്ടിയ ദുരിതങ്ങളെല്ലാം വെറുതെയായെന്ന യാഥാർത്ഥ്യത്തിൻ്റെ മുഖത്തേക്ക് നോക്കുമ്പോൾ ആ 104 മനുഷ്യർ എന്തായിരിക്കാം ചിന്തിക്കുന്നുണ്ടാവുക? അമേരിക്കയിൽ നിന്ന് സൈനിക വിമാനത്തിൽ ഇന്ത്യയിൽ തിരിച്ചെത്തിയ 104 അനധികൃത കുടിയേറ്റക്കാർക്ക് മുന്നിൽ ജീവിതം ഇനിയെന്ത് എന്ന ചോദ്യമായി അവശേഷിക്കുകയാണ്.

ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറിയ 33 പേർ വീതം തിരിച്ചെത്തിയവരിലുണ്ട്. പഞ്ചാബിൽ നിന്നുള്ള 30 പേരും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പേർ വീതവും ചണ്ഡീഗഡിൽ നിന്നുള്ള രണ്ട് പേരുമാണ് തിരിച്ചെത്തിച്ച അനധികൃത കുടിയേറ്റക്കാർ. തിരിച്ചെത്തിയവർക്കെതിരെ ക്രിമിനൽ കേസുകളുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസ്. ഇതിന് ശേഷം ഇവരെങ്ങനെ അമേരിക്കയിലേക്ക് കടന്നു എന്നതടക്കം നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടേണ്ടതായുണ്ട്.

ഫെബ്രുവരി ആറിന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.05നാണ് അമേരിക്കൻ വ്യോമസേനാ വിമാനം സി-17 പഞ്ചാബിലെ അമൃത്‌സറിൽ ഇറങ്ങിയത്. മെക്സിക്കോ അതിർത്തി വഴി അമേരിക്കയിലേക്ക് എത്തിയ 104 പേരെയാണ് പിടികൂടി തിരിച്ചയച്ചതെന്ന് പഞ്ചാബ് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. 11 ജീവനക്കാരും 45 യുഎസ് ഉദ്യോഗസ്ഥരും വിമാനത്തിൽ ഇവർക്കൊപ്പം ഉണ്ടായിരുന്നു. തിരിച്ചെത്തിയ 104 പേരിൽ 25 സ്ത്രീകളും 12 പേർ കുട്ടികളുമാണ്. നാല് വയസ് മാത്രം പ്രായമായ കുഞ്ഞാണ് ഇക്കൂട്ടത്തിൽ ഏറ്റവും ചെറുത്. 48 പേരും 25 വയസിൽ താഴെ പ്രായമുള്ളവരാണ്.

ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയ ശേഷം അനധികൃത കുടിയേറ്റത്തിനെതിരായ നിലപാട് അമേരിക്ക ശക്തമാക്കിയിരുന്നു. ഈ നിലപാടിനെ ഇന്ത്യ നേരത്തെ തന്നെ പരസ്യമായി പിന്താങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് അനധികൃത കുടിയേറ്റക്കാരുമായി വന്ന സൈനിക വിമാനത്തിന് ഇന്ത്യയിൽ ഇറങ്ങാൻ അനുമതി നൽകിയത്. ഫെബ്രുവരി 12, 13 തീയ്യതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കാനിരിക്കെയാണ് ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തിയത്.