ടൈം സ്‌ക്വയറില്‍ ക്രിസ്റ്റ്യാനോയുടെ കൂറ്റന്‍ പ്രതിമ; പിറന്നാളിന് ആരാധകരുടെ സമ്മാനം
എക്കാലത്തെയും മികച്ച പോര്‍ച്ചുഗല്‍ സോക്കര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ നാല്‍പ്പതാം ജന്മദിനത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ടൈംസ് സ്‌ക്വയറില്‍ കൂറ്റന്‍ പ്രതിമ അനാച്ഛാദനം ചെയ്തു. 12 അടി (3.6 മീറ്റര്‍) ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നിരവധി ആരാധകരാണ് ടൈംസ് സ്‌ക്വയറില്‍ ഒത്തുകൂടിയിരുന്നത്. യൂറോപ്പിലും യുഎസിലും പ്രതിമകള്‍ നിര്‍മ്മിച്ച് ശ്രദ്ധേയനായ പ്രശസ്ത ശില്‍പ്പി സെര്‍ജിയോ ഫര്‍നാരിയാണ് 12 അടി ഉയരമുള്ള വെങ്കല ശില്‍പം നിര്‍മിച്ചത്. ലക്ഷകണക്കിന് ആരാധകരാണ് ക്രിസ്റ്റ്യാനോയുടെ 40-ാം ജന്മദിനത്തില്‍ ആശംസ അറിയിച്ച് സാമൂഹിക മാധ്യമങ്ങളില്‍ എത്തിയിരുന്നത്.
നിലവില്‍ അല്‍ നാസറിനായി 15 ഗോളുകളുമായി സൗദി പ്രോ ലീഗില്‍ അവിശ്വസനീയമായ ഫോമില്‍ തുടരുകയാണ് ക്രിസ്റ്റിയാനോ. അടുത്തിടെ അല്‍ വാസലിനെതിരെ ഇരട്ടഗോള്‍ ചേര്‍ത്ത് തന്റെ കരിയറിലെ ഗോള്‍ നേട്ടം 923 ആയി അദ്ദേഹം ഉയര്‍ത്തിയിരുന്നു. ഗോള്‍നേട്ടം ആയിരത്തിലേക്ക് എത്തിക്കുകയെന്നതാണ് സൂപ്പര്‍താരത്തിന് മുന്നില്‍ ഇനിയുള്ള ലക്ഷ്യം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും റയല്‍ മാഡ്രിഡിനുമൊപ്പം യൂറോപ്പിലെ എല്ലാ പ്രധാന ട്രോഫികളും നേടിയ റൊണാള്‍ഡോ 135 ഗോളുകളുമായി ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ഗോള്‍ സ്‌കോററായി തുടരുകയാണ്.
2009 നും 2018 നും ഇടയില്‍ റയല്‍ മാഡ്രിഡിനായി 450 ഗോളുകളാണ് സിആര്‍ സെവന്‍ നേടിയത്. മാഡ്രിഡിലെ തന്റെ ഒമ്പത് സീസണുകളില്‍, അഞ്ച് ബാലണ്‍ ഡി ഓര്‍ അവാര്‍ഡുകളില്‍ നാലെണ്ണവും സ്വന്തമാക്കി. തുടര്‍ച്ചയായി അഞ്ച് ലോകകപ്പുകളില്‍ സ്‌കോര്‍ ചെയ്ത് ആദ്യ താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും നേഷന്‍സ് ലീഗ് കിരീടങ്ങളിലും പോര്‍ച്ചുഗലിനെ നയിച്ച ക്രിസ്റ്റിയാനോ ബഹുമതികള്‍ ഏറെ സ്വന്തമാക്കി. മൈതാനങ്ങള്‍ക്കപ്പുറം സാമൂഹിക മാധ്യമങ്ങളില്‍ ക്രിസ്റ്റിയാനോക്ക് ആരാധകര്‍ ഏറെയാണ്. 648 ദശലക്ഷം എന്ന ഇതുവരെയുള്ള റെക്കോര്‍ഡ് ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സ് ഉള്ള ക്രിസ്റ്റിയാനോ ഇക്കഴിഞ്ഞ സെപ്തംബറില്‍ യു ടൂബ് ചാനലും ആരംഭിച്ചിരുന്നു. ഒരു ബില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് എത്തിയ അദ്ദേഹത്തിന്റെ ചാനല്‍ യു ട്യൂബ് ചരിത്രത്തിലും റെക്കോര്‍ഡ് ആയി.