KeralaTop News

കര്‍ണാടകയില്‍ മുന്തിരിത്തോട്ടം, പാലക്കാട് തെങ്ങിന്‍തോപ്പ്; തട്ടിപ്പ് പണം ഉപയോഗിച്ച് അനന്തുകൃഷ്ണന്‍ വാങ്ങിക്കൂട്ടിയത് കോടികളുടെ ഭൂസ്വത്ത്

Spread the love

സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് പണം ഉപയോഗിച്ച് പ്രതി അനന്തുകൃഷ്ണന്‍ വാങ്ങിക്കൂട്ടിയത് കോടികളുടെ ഭൂസ്വത്ത്. കര്‍ണാടകയില്‍ മുന്തിരിത്തോട്ടവും പാലക്കാട് അമ്മയുടെ പേരില്‍ തെങ്ങിന്‍തോപ്പും പാലാ നഗരത്തില്‍ 40 സെന്റ് ഭൂമിയും വാങ്ങി. അനന്തുകൃഷ്ണന്‍ അറസ്റ്റിലായതിന് പിന്നാലെ അമ്മയും സഹോദരിയും വീടുപൂട്ടി മുങ്ങി.

തട്ടിപ്പിനായി നാഷണല്‍ എന്‍ജിഒ പ്രോജക്ട് കണ്‍സള്‍ട്ടിംഗ് ഏജന്‍സി എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചുവെന്നാണ് വിവരം. പ്രതി അനന്തു കൃഷ്ണന്‍ രൂപീകരിച്ച ട്രസ്റ്റില്‍ 5 അംഗങ്ങള്‍ ഉണ്ടായിരുന്നത്. ആക്ടിങ് ചെയര്‍പേഴ്‌സണ്‍ ബീന സെബാസ്റ്റ്യന്‍, ട്രസ്റ്റ് അംഗങ്ങളായ അനന്തു കൃഷ്ണന്‍, ഷീബാ സുരേഷ് ആനന്ദ് കുമാര്‍, ജയകുമാരന്‍ നായര്‍ എന്നിവരാണ് അംഗങ്ങള്‍. ഇവരെ കേന്ദ്രികരിച്ച് അന്വേഷണം ഊര്‍ജിതം. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് ട്രസ്റ്റ് രൂപീകരിച്ചത്. തട്ടിപ്പിനായി സംസ്ഥാനതൊട്ടാകെ രൂപീകരിച്ചത് 2500 എന്‍ ജി ഒ കളെന്നും പൊലീസ് കണ്ടെത്തലുണ്ട്.

സഹോദരിയുടെയും അമ്മയുടെയും പേരില്‍ വീടിനടുത്ത് വാങ്ങി കൂട്ടിയത് കോടികളുടെ ഭൂമിയാണ്. സഹോദരിയുടെ വീടിനു മുന്നില്‍ 13 സെന്റ്, സമീപത്ത് ഒരേക്കര്‍ റബര്‍തോട്ടം, 50 സെന്റ് വസ്തു എന്നിവ വാങ്ങി. സെന്റിന് നാല് ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെ വിലയുള്ള ഭൂമിയാണ് വാങ്ങിയത്. ഈ ഭൂമിയെല്ലാം കണ്ടുകെട്ടാനുള്ള നടപടികള്‍ പൊലീസ് തുടങ്ങിക്കഴിഞ്ഞു.

അതേസമയം, അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇന്നോവ ക്രിസ്റ്റ ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് മൂവാറ്റുപുഴ പൊലീസാണ്. അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ ഡ്രൈവേഴ്സ് നേരിട്ട് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അനന്തു കൃഷ്ണന്‍ തട്ടിപ്പില്‍ കൂടെ വാങ്ങിക്കൂട്ടിയ ഇടുക്കിയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ശ്രമവും പൊലീസ് തുടങ്ങി.