Top NewsWorld

ആദ്യ ബാച്ച് പുറപ്പെട്ടു, ഇന്ത്യയിലേക്ക് വരുന്നത് യുഎസ് സൈന്യത്തിൻ്റെ യുദ്ധവിമാനം; യാത്രക്കാരെല്ലാം അനധികൃത കുടിയേറ്റക്കാർ!

Spread the love

അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യാക്കാരുമായുള്ള യുഎസ് സൈനിക വിമാനം ടെക്സസിലെ സാൻ അൻ്റോണിയോ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതായി റിപ്പോർട്ട്. റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അനധികൃത കുടിയേറ്റത്തിനെതിരായ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ശക്തമായ നിലപാടാണ് ഇതിന് കാരണം.

സി17 യുദ്ധവിമാനത്തിലാണ് അനധികൃതമായി കുടിയേറിയ 205 പേരുമായി വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ ബാച്ച് അനധികൃത കുടിയേറ്റക്കാരാണ് ഇവർ എന്നാണ് വിവരം. കഴിഞ്ഞ വർഷം 1100 അനധികൃത കുടിയേറ്റക്കാരെ പ്രത്യേക വിമാനങ്ങളിൽ ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു.

യുഎസിൽ 725000 ത്തോളം ഇന്ത്യാക്കാരായ അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് കണക്ക്. ഇവരിൽ 20000 പേരെയാണ് തിരികെ ഇന്ത്യയിലേക്ക് അയക്കാനുദ്ദേശിക്കുന്നത്. അനധികൃത കുടിയേറ്റക്കാർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ടെന്നും ഇത് ഒരു രാജ്യത്തിനും ഗുണകരമല്ലെന്നുമാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ പ്രതികരിച്ചത്. ഇന്ത്യൻ പൗരത്വം സ്ഥിരീകരിക്കാനായാൽ യുഎസിലുള്ള അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മോദിയുമായി താൻ സംസാരിച്ചുവെന്നും ശരിയായത് ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്നുമാണ് ഇത് സംബന്ധിച്ച് ട്രംപ് വ്യക്തമാക്കിയത്. ട്രംപ് അധികാരത്തിലെത്തിയ ശേഷം അമേരിക്കൻ സൈന്യത്തിൻ്റെ പ്രധാന ദൗത്യമായി ഇത് അനധികൃത കുടിയേറ്റം മാറിയിട്ടുണ്ട്. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ഇതിനോടകം അമേരിക്ക അതത് രാജ്യങ്ങളിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. എൽ പാസോ, ടെക്സസ്, സാൻ ഡിയാഗോ, കലിഫോർണിയ തടവറകളിലുള്ള അയ്യായിരത്തോളം അനധികൃത കുടിയേറ്റക്കാരെയാണ് ഇപ്പോൾ അമേരിക്ക തിരിച്ചയക്കുന്നത്. ഇതിനായി വിമാനങ്ങൾ സജ്ജമാക്കുകയാണ് അമേരിക്കയ്ക്ക് മുന്നിലുള്ള പ്രധാന കടമ്പ.