Top NewsWorld

സ്വീഡന്റെ ചരിത്രത്തിലില്ലാത്ത വെടിവെപ്പ്; ജീവന്‍ നഷ്ടപ്പെട്ടത് പത്ത് പേര്‍ക്ക്, മരിച്ചവരില്‍ അക്രമിയും

Spread the love

സ്വീഡന്‍ നടുങ്ങിയിരിക്കുകയാണ്. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിധത്തിലുള്ള കൂട്ടക്കൊലയില്‍ അന്വേഷണം തുടരുന്നതിനിടെ അക്രമിയും മരിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്വീഡനിലെ ഒറെബ്രോയിലുള്ള റിസ്ബെര്‍ഗ്സ്‌ക അഡല്‍റ്റ് എജ്യുക്കേഷന്‍ സെന്ററിലായിരുന്നു രാജ്യത്തെ നടുക്കിയ വെടിവെപ്പ് അരങ്ങേറിയത്. ചുരുങ്ങിയത് പത്ത് പേരെങ്കിലും കൊല്ലപ്പെട്ടെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് ഒറെബ്രോ നഗരത്തിന്റെ പോലീസ് മേധാവി റോബര്‍ട്ടോ ഈദ് ഫോറസ്റ്റ് വ്യക്തമാക്കിയിരിക്കുന്നത്. ക്രൂരവും മാരകവുമായ അക്രമമെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ കൂട്ട വെടിവയ്‌പെന്നും പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്സണ്‍ പറഞ്ഞു. അക്രമി ആര് എന്നതിനെ കുറിച്ച് പോലീസിന് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേ സമയം തോക്കുധാരി മരിച്ചവരില്‍ ഉണ്ടെന്ന കാര്യം പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലയാളിക്ക് ഏതെങ്കിലും പ്രത്യായ ശാസ്ത്രങ്ങളുമായി ബന്ധമുള്ള കാര്യം അന്വേഷണത്തില്‍ വ്യക്തമായിട്ടില്ല. അതിനാല്‍ തീവ്രവാദ സ്വഭാവം അക്രമത്തിന് ഉണ്ടെന്ന കാര്യം പോലീസ് ആദ്യഘട്ടത്തില്‍ തള്ളിക്കളഞ്ഞു. വിശദമായ അന്വേഷണം പൂര്‍ത്തിയായെങ്കില്‍ മാത്രമെ അക്രമിയുടെ ഉദ്ദേശ്യം വ്യക്തമാകുവെന്നാണ് പോലീസ് അധികാരികള്‍ വ്യക്തമാക്കുന്നത്.

സ്‌കൂള്‍ കെട്ടിടത്തിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. നിരവധി കുട്ടികളെ അധ്യാപകരും പിന്നീട് എത്തിയ പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ആക്രമണം നടക്കവെ രണ്ട് മണിക്കൂറിലധികം നേരം മകളുമായി ടെക്സ്റ്റ് മെസേജ് വഴി ഫോണില്‍ ആശയവിനിമയം നടത്തിയതായി രക്ഷപ്പെട്ട ഒരു കൂട്ടിയുടെ പിതാവായ ജോഹന്നസ് ജോബര്‍ഗ് പറഞ്ഞു.