Wednesday, February 5, 2025
Latest:
SportsTop News

ഐസിസി ടി20 റാങ്കിംഗ്: സഞ്ജുവിന് കനത്ത തിരിച്ചടി, 35-ാം സ്ഥാനത്തേക്ക് വീണു

Spread the love

ഐസിസി ടി20 റാങ്കിംഗിൽ സഞ്ജുവിന് കനത്ത തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസൺ അഞ്ച് സ്ഥാനം താഴേക്കിറങ്ങി 35-ാം സ്ഥാനത്തേക്ക് വീണു. എന്നാൽ റാങ്കിംഗില്‍ ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മ വന്‍ നേട്ടമുണ്ടാക്കി. 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അഭിഷേക് ശര്‍മ പുതിയ ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 829 റേറ്റിംഗ് പോയന്‍റുമായാണ് അഭിഷേക് രണ്ടാം സ്ഥാനത്തെത്തിയത്. 855 റേറ്റിംഗ് പോയന്‍റുള്ള ട്രാവിസ് ഹെഡ് ആണ് ഒന്നാമത്.

രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയുടെ തിലക് വര്‍മ ഒരു സ്ഥാനം താഴേക്കിറങ്ങി മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍ ഇംഗ്ലണ്ടിനെതിരെ നിരാശപ്പെടുത്തിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനമിറങ്ങി അ‍ഞ്ചാം സ്ഥാനത്തായി. ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യൻ താരങ്ങളാണുള്ളത്. യശസ്വി ജയ്സ്വാള്‍(12), റുതുരാജ് ഗെയ്ക്‌വാദ്(21) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ള മറ്റ് ഇന്ത്യൻ താരങ്ങള്‍. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെയാണ് ഒന്നാമത്.
ടി20 ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് മറ്റൊരു ശ്രദ്ധേയ മാറ്റം. വരുണ്‍ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് 705 റേറ്റിംഗ് പോയന്‍റുമായാണ് മൂന്നാമെത്തിയത്. ഇതേ റേറ്റിംഗ് പോയന്‍റുള്ള ഇംഗ്ലണ്ടിന്‍റെ ആദില്‍ റഷീദ് രണ്ടാമതും 707 റേറ്റിംഗ് പോയന്‍റുള്ള വെസ്റ്റ് ഇന്‍ഡീസിന്‍റെ അക്കീല്‍ ഹൊസൈന്‍ ഒന്നാമതുമാണ്.