പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ചായക്കടയുമായി സസ്പെൻഷനിലായ എസ്ഐ; പകുതി ശമ്പളം വേണ്ടെന്നും ആവശ്യം
യുപിയിലെ ഝാന്‍സിയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേറിട്ട പ്രതിഷേധം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. മോഹിത് യാദവ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതിഷേധമാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തെ വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായാണ് പൊലീസിൽ നിന്നും സസ്പെന്‍റ് ചെയ്‌തത്. നിലവില്‍ റിസര്‍വ് ഇന്‍സ്പെടറാണ് അദ്ദേഹം.
അദ്ദേഹം അവധിക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. മാത്രമല്ല, തന്നോട് മേലുദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും തന്‍റെയും ഭാര്യയുടെയും ഫോണ്‍ ചോർത്തുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് ഝാന്‍സിയിലെ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ മോഹിത് ചായക്കട തുറന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോഹിത് വഴിയാത്രക്കാര്‍ക്ക് ചായ വില്‍ക്കുന്ന വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
തന്നോട് മോശമായി പെരുമാറിയ മേലുദ്യോഗസ്ഥര്‍ തന്നെ ചവിട്ടിയെന്നും അദ്ദേഹം ആരോപിക്കുന്നു. തുടർന്ന് നടന്ന വാക്കേറ്റത്തിന് പിന്നാലെ മോഹിത് തന്നെ നവാബാദ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
ഈ പ്രശ്നത്തിന് പിന്നാലെയാണ് വകുപ്പുതല നടപടിയുടെ ഭാഗമായി മോഹിതിനെ സസ്പെന്‍റ് ചെയ്തത്. നടപടിക്ക് പിന്നാലെ ഡിഐജിയ്ക്ക് മോഹിത് പരാതി നല്‍കി. ഒപ്പം താന്‍ സസ്പെന്‍ഷനിലായ കാലത്തെ പാതി ശമ്പളം കൈപ്പറ്റില്ലെന്നും തന്‍റെ കുടുംബത്തെ നോക്കാന്‍ തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.