Wednesday, February 5, 2025
Latest:
KeralaTop News

കെ ആര്‍ മീരയുടെ നോവലില്‍ പ്രിയങ്ക ഗാന്ധിയെ കുറിച്ച് പരാമര്‍ശം; ഫേസ്ബുക്ക് കുറിപ്പുമായി വി ടി ബല്‍റാം; പ്രതിഷേധം

Spread the love

വയനാട് എം പി പ്രിയങ്ക ഗാന്ധിയുമായി ബന്ധപ്പെട്ട കെ ആര്‍ മീരയുടെ നോവലിലെ പരാമര്‍ശം വിവാദമാകുന്നു. ‘ആ മരത്തേയും മറന്നു മറന്നു ഞാന്‍’ എന്ന നോവലിലെ ഭാഗങ്ങളാണ് ചര്‍ച്ചയാകുന്നത്. നോവലിലെ പ്രിയങ്കയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ വി ടി ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവച്ചു. പരാമര്‍ശങ്ങള്‍ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിലടക്കം ചര്‍ച്ചയായി കഴിഞ്ഞു.

‘പ്രിയങ്ക ഗാന്ധിക്ക് ഇറ്റലിക്കാരനുമായുള്ള ബന്ധത്തില്‍ കുഞ്ഞ് ജനിച്ചു’ എന്ന പരാമര്‍ശമാണ് വിവാദമാകുന്നത്. നോവലിലെ കഥാപാത്രങ്ങളായ ക്രിസ്റ്റിയും രാധികയും തമ്മിലുള്ള സംഭാഷണമാണിത്.നോവലിലെ മാനസിക പ്രശ്‌നമുള്ള കഥാപാത്രമാണ് ഇത്തരമൊരു പരാമര്‍ശം നടത്തുന്നത്.

‘നീയിതു വേറാരും അറിയാതെ നോക്കണം. കാരണം, നമ്മള്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. രാജീവ്ഗാന്ധിയുടെ മകള്‍ പ്രിയങ്കയെ അറിയില്ലേ? അവള്‍ക്ക് ഒരു ഇറ്റലിക്കാരനുമായുള്ള ബന്ധത്തില്‍ ഒരു കുഞ്ഞു ജനിച്ചു. റോബര്‍ട്ട് വധേര ഈ വിവരം അറിഞ്ഞാല്‍ അവരുടെ ബന്ധം അതോടെ തീര്‍ന്നു. അതല്ല യഥാര്‍ത്ഥ പ്രശ്‌നം. പ്രിയങ്കയ്ക്ക് ഒന്നല്ല പത്തു ഭര്‍ത്താക്കന്മാരെ കിട്ടും. പക്ഷേ, ഇങ്ങനെയൊരു കഥ പുറത്തുവന്നാല്‍ കേന്ദ്രത്തിലെ യു.പി.എ. മിനിസ്ട്രി തകരും. രാഹുല്‍ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി വളര്‍ത്തിവരികയാണെന്നോര്‍ക്കണം. അതിനിടയില്‍ പെങ്ങള്‍ ചീത്തപ്പേര് കേള്‍പ്പിച്ചെന്നറിഞ്ഞാല്‍? തീര്‍ന്നില്ലേ ഫസ്റ്റ് ഫാമിലിയുടെ ഗ്ലാമര്‍? എന്തിനധികം പറയുന്നു. ഒക്കെ എന്റെ കഷ്ടകാലം. അല്ലെങ്കില്‍ ഇന്ത്യാമഹാരാജ്യത്ത് വേറൊരു പള്ളിയുമില്ലാത്തതുപോലെ കുട്ടിയെ ഇവിടെത്തന്നെ മാമ്മോദീസ മുക്കണോ? അവരൊക്കെ വലിയ ആളുകള്‍. അവരുടെ മന്ത്രിസഭയാണ് കേന്ദ്രത്തില്‍. വിചാരിച്ചാല്‍ എന്തും നടക്കും. ഇന്ത്യ-ദ് ഗ്രേറ്റസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഇന്‍ ദ് വേള്‍ഡ്. പറയുമ്പോള്‍ ഗമയുണ്ട്. പക്ഷേ, ഈ നാട്ടില്‍ എന്നെപ്പോലെ ഒരു സാധാരണ പൗരന്റെ നിലയെന്താണ്? പ്രിയങ്കയുടെ കുട്ടിയെ എന്റെ തലയില്‍ കെട്ടിവയ്ക്കണം. അതാണ് അവരുടെ ലക്ഷ്യം. അതിനു മറ്റൊരു കാരണംകൂടിയുണ്ട്. അതും രഹസ്യമാണ്. നിന്നോടായതുകൊണ്ടു പറയാം. നാലു വര്‍ഷമായി ക്രിസ്റ്റി ഐസക് എന്ന പേര് നൊബേല്‍ കമ്മിറ്റിയുടെ മുമ്പാകെ പരിഗണനയിലുണ്ട്. പ്രിയങ്കയ്ക്കു നല്ല കോളായില്ലേ? ചുളുവില്‍ ലോക നിലവാരമുള്ള ഒരു തന്തയെ കൊച്ചിന് അടിച്ചുമാറ്റാം…. ഇങ്ങനെ പോകുന്നു പരാമര്‍ശങ്ങള്‍.

2010ലോ മറ്റോ ആണ് നോവല്‍ ആദ്യമായി പുറത്തുവന്നതെങ്കിലും ഇതുവരെ തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന് വി ടി ബല്‍റാം കുറിച്ചു. നോവലില്‍ ‘ഭാവനയുടെ സാന്ദ്രത’ നിറഞ്ഞു നില്‍ക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ‘ബിംബങ്ങളും ധ്വനികളും’ സമൃദ്ധമായി ഉണ്ട്. ചില പേജുകള്‍ ഇതോടൊപ്പം നല്‍കുന്നു. വായിച്ചു നോക്കാവുന്നതാണ് – പുസ്തകത്തിന്റെ പേജുകള്‍ പങ്കുവച്ചുകൊണ്ട് വി ടി ബല്‍റാം വ്യക്തമാക്കി.

വിഷയത്തില്‍ കോണ്‍ഗ്രസ് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഷീബ രാമചന്ദ്രന്‍ പ്രതികരിച്ചു. K.R. മീരക്ക് എതിരെ( ‘പ്രിയങ്കാജിയെ കുറിച്ച് അതി ഗുരുതര പരാമര്‍ശമുള്ള അവരുടെ എഴുത്തിനെതിരെ” ) കോണ്‍ഗ്രസ് പാര്‍ട്ടി നിയമ നടപടികളുമായി മുന്നോട്ട് പോകും. വലിയൊരു തുക മാന നഷ്ടമായി അവര്‍ നല്‍കേണ്ടി വരും. ഉറപ്പ് – അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.