KeralaTop News

ഇതെന്തൊരു തട്ടിപ്പ്! ‘പകുതി വിലക്ക് സ്കൂട്ടർ, തയ്യൽ മെഷീൻ’; തട്ടിയത് കോടികൾ; അനന്തുകൃഷ്ണനെതിരെ പരാതികളുടെ കൂമ്പാരം

Spread the love

സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായി മാറുകയാണ് സിഎസ്ആർ ഫണ്ടിന്റെ പേരിൽ നടന്ന തട്ടിപ്പ്. കോടികളാണ് പ്രതി അനന്തുകൃഷ്ണൻ തട്ടിയത്. പകുതി വിലയ്ക്ക് സ്കൂട്ടറും തയ്യൽ മെഷീനും വാ​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. പ്രതി അനന്തു കൃഷ്ണൻ 500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക വിവരം. സംസ്ഥാനത്തുടനീളം നിരവധി പേരാണ് തട്ടിപ്പിനിരയായത്. തട്ടിപ്പ് പുറത്തായതോടെ പരാതികളുടെ കൂമ്പാരമാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ അനന്തുകൃഷ്ണനെതിരെ എത്തിയത്.

പണ സമാഹരണത്തിന് സീഡ് സൊസൈറ്റി

തൊടുപുഴ സ്വദേശി അനന്തുകൃഷ്ണനാണ് സന്നദ്ധകൂട്ടായ്മ രൂപീകരിച്ച് പദ്ധതിയുമായി രം​ഗത്തെത്തിയിരുന്നത്. പ്രാദേശിക തലത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയായിരുന്നു അനന്തുകൃഷ്ണൻ പണസമാഹരണം നടത്തിയത്. സംസ്ഥാനത്തെമ്പാടും 62 സഡ് സൊസൈറ്റികൾ രൂപീകരിച്ചിരുന്നു. സ്ത്രീകളുടെ സ്വാശ്രയ ഗ്രൂപ്പുകളാണ് ബ്ലോക്കടിസ്ഥാനത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ. തയ്യൽ മെഷീൻ, ലാപ്ടോപ് എന്നിവയും വാ​ഗ്ദാനം ചെയ്തിരുന്നു. ഇതിൽ ആദ്യം ചിലർക്ക് ലഭിച്ചിരുന്നു. സംസ്ഥാനത്തുടനീളം വിപുലമായ മേളകൾ സംഘടിപ്പിച്ച് വിശ്വാസ്യത നേടിയെടുത്തത്. ഈ വിശ്വാസം പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.

ആദ്യം പണമിരട്ടിപ്പ്, 2018ൽ എൻജിഒ

അനന്തുകൃഷ്ണൻ പണ്ട് മുതലേ സമാനമായ തട്ടിപ്പ് പരിപാടികൾ നടത്തിയിരുന്നുവെന്നാണ് പറയുന്നത്. ആദ്യം പണമിരട്ടിപ്പ് പരിപാടിയാണ് അനന്തുകൃഷ്ണൻ നടത്തിയിരുന്നത്. 2018ലാണ് അനന്തുകൃഷ്ണൻ എൻജിഒ ആരംഭിക്കുന്നത്. മുവാറ്റുപുവ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സൊസൈറ്റി എന്ന പേരിലായിരുന്നു എൻജിഒ ആരംഭിക്കുന്നത്. ഇതിന് ശേഷം സഹോദരസ്ഥാപനം മറ്റൊരു സ്ഥാപനവും ആരംഭിച്ചു. ഇതിന് പിന്നാലെയാണ് സീഡ് സൊസൈറ്റികൾ ആരംഭിച്ചത്. 62 സീഡ് സൊസൈറ്റികളിലും കോർഡിനേറ്റർമാരുണ്ടായിരുന്നു. 2022 വരെ വാ​​ഗ്ദാനങ്ങൾ പണം നൽകിയവർക്ക് ലഭിച്ചിരുന്നു.

സിഎസ്ആർ ഫണ്ട് മുഖേനേ പകുതി വിലയ്ക്ക് സ്കൂട്ടറും തയ്യൽ മെഷീൻ

സിഎസ്ആർ ഫണ്ട് മുഖേനേ അമ്പത് ശതമാനം ഡിസ്കൗണ്ടിൽ സ്കൂട്ടറും തയ്യൽ മെഷീനും വാ​ഗ്ദാനം ചെയ്തായിരുന്നു അനന്തുകൃഷ്ണന്റെ തട്ടിപ്പ്. തട്ടിപ്പിൽ ഏറെയും വീണത് സ്ത്രീകളാണ്. നടക്കാവ് പൊലീസ് സ്റ്റേഷനിൽ 98 സ്ത്രീകളാണ് പരാതിയുമായെത്തിയത്. നാഷണൽ എൻജിഒ ഫെഡറേഷൻ എന്ന സംഘടനയുടെ നാഷനൽ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്.

സ്വന്തം പേരിൽ വിവിധ കൺസൾട്ടൻസികൾ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകൾ നടത്തിയത്. വിമൺ ഓൺ വീൽസ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. പണം അടച്ച് 45 ദിവസത്തിനുള്ളിൽ വാഹനം ലഭ്യമാകുമെന്നും ഇയാൾ വാഗ്ദാനം നൽകിയിരുന്നു. ഈ വാ​ഗ്ദാനത്തിൽ വീണവർ അനന്തുകൃഷ്ണന് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്.

തട്ടിയത് കോടികൾ, വാങ്ങിക്കൂട്ടി ഭൂസ്വത്ത്

വിവിധ പദ്ധതികളുടെ പേരിൽ 1000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയതായാണ് വിവരം. പ്രതി അനന്തുകൃഷ്ണൻ സമാഹരിച്ചത് 350 കോടിയിലേറെ രൂപയാണ്. അക്കൗണ്ടിൽ ഉണ്ടായിരുന്ന 3.25 കോടി രൂപ മരവിപ്പിച്ചു. ആലപ്പുഴ ജില്ലയിൽ നിന്ന് മാത്രം 15 കോടി രൂപയാണ് തട്ടിച്ചത്. തട്ടിപ്പ് പണം ഉപയോഗിച്ച് ഇടുക്കി, കർണാടകം എന്നിവടങ്ങളിൽ സ്ഥലം വാങ്ങി. വാങ്ങിയ സ്ഥലങ്ങൾ പോലീസ് കണ്ടെത്തി. സത്യസായി ട്രസ്​റ്റിൻ്റെ പേരിലടക്കം​ ഭൂമി വാങ്ങിയെന്നും സൂചനയുണ്ട്. കൊച്ചി ഇയ്യാട്ടുമുക്കിലെ ബാങ്ക് ശാഖയിലാണ് പ്രതി തട്ടിപ്പ് പണം നിക്ഷേപിക്കാൻ അക്കൗണ്ട് തുറന്നിരുന്നത്.കടലാസ് കമ്പനികളുടെ മറവിലെടുത്ത അക്കൗണ്ടിലൂടെയായിരുന്നു പണം ഇടപാടുകൾ.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരിൽ കൂടുതലും. ഇടുക്കിയിൽ മാത്രം 100 ഓളം പേർക്ക് പണം നഷ്ടമായെന്നാണ് വിലയിരുത്തൽ. മൂവാറ്റുപുഴയിൽ നിന്ന് മാത്രം തട്ടിയെടുത്തത് 9 കോടി രൂപ. 40000 മുതൽ 60,000 രൂപ വരെയാണ് ഒരാൾക്ക് നഷ്ടമായത്. പറവൂരിൽ മാത്രം ആയിരത്തിലധികം പേർ തട്ടിപ്പിനിരയായിട്ടുണ്ട്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, പോത്താനിക്കാട്, കോതമംഗലം പോലീസ് സ്റ്റേഷനുകളിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ മാത്രം 2000ലേറെ വനിതകൾ പൊലീസിൽ പരാതി നൽകി. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലും കേസ്. 98 സ്ത്രീകളാണ് തട്ടിപ്പിന് ഇരയായത്. സ്കൂട്ടർ പകുതി വിലയ്ക്ക് നൽകാം എന്ന് പറഞ്ഞു 72,58,300 രൂപ കൈപ്പറ്റിയെന്ന് പരാതി.