KeralaTop News

പകുതി വിലക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കണ്ണൂരിൽ മാത്രം 2000ലേറെ പരാതികൾ; പ്രതി സമാഹരിച്ചത് 350 കോടി രൂപ

Spread the love

സംസ്ഥാനത്ത് പകുതി വിലക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ കൂടുതൽ പരാതികൾ. കണ്ണൂർ ജില്ലയിൽ മാത്രം 2000ലേറെ വനിതകൾ പൊലീസിൽ പരാതി നൽകി. പ്രാദേശിക തലത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയായിരുന്നു പണസമാഹരണം. കണ്ണൂർ, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മയ്യിൽ, വളപട്ടണം, പയ്യന്നൂർ സ്റ്റേഷനുകളിലാണ് പരാതികൾ ലഭിച്ചത്. പരാതികളുടെ എണ്ണം കൂടിയതോടെ പോലീസും പ്രതിസന്ധിയിലായി.

സിഎസ്ആർ ഫണ്ട് ഉപയോ​ഗിച്ച് പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാൻ കഴിയുമെന്നായിരുന്നു വാ​ഗ്​ദാനം. തൊടുപുഴ സ്വദേശി അനന്തുകൃഷ്ണനാണ് സന്നദ്ധകൂട്ടായ്മ രൂപീകരിച്ച് പദ്ധതിയുമായി രം​ഗത്തെത്തിയിരുന്നത്. സംസ്ഥാനത്തെമ്പാടും 62 സഡ് സൊസൈറ്റികൾ രൂപീകരിച്ചിരുന്നു. തയ്യൽ മെഷീൻ, ലാപ്ടോപ് എന്നിവയും വാ​ഗ്ദാനം ചെയ്തിരുന്നു. ഇതിൽ ആദ്യം ചിലർക്ക് ലഭിച്ചിരുന്നു. ഈ വിശ്വാസം പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.

പ്രതി അനന്തുകൃഷ്ണൻ സമാഹരിച്ചത് 350 കോടി രൂപയാണ്. അക്കൗണ്ടിൽ ഉണ്ടായിരുന്ന 3.25 കോടി രൂപ മരവിപ്പിച്ചു. ആലപ്പുഴ ജില്ലയിൽ നിന്ന് മാത്രം 15 കോടി രൂപയാണ് തട്ടിച്ചത്. തട്ടിപ്പ് പണം ഉപയോഗിച്ച് ഇടുക്കി, കർണാടകം എന്നിവടങ്ങളിൽ സ്ഥലം വാങ്ങി. വാങ്ങിയ സ്ഥലങ്ങൾ പോലീസ് കണ്ടെത്തി. കൊച്ചി ഇയ്യാട്ടുമുക്കിലെ ബാങ്ക് ശാഖയിലാണ് പ്രതി തട്ടിപ്പ് പണം നിക്ഷേപിക്കാൻ അക്കൗണ്ട് തുറന്നിരുന്നത്.
സംസ്ഥാനത്തുടനീളം വിപുലമായ മേളകൾ സംഘടിപ്പിച്ചായിരുന്നു ഇയാൾ വിശ്വാസ്യത നേടിയെടുത്തത്. പറവൂരിൽ മാത്രം ആയിരത്തിലധികം പേർ തട്ടിപ്പിനിരയായിട്ടുണ്ട്. സിഎസ്ആർ ഫണ്ടിന്റെ പേരിൽ നടന്ന തട്ടിപ്പിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും. കടലാസ് കമ്പനികളുടെ മറവിലെടുത്ത അക്കൗണ്ടിലൂടെയായിരുന്നു പണം ഇടപാടുകൾ. നേരത്തെ സമാന രീതിയിലുളള തട്ടിപ്പിന് അനന്തുവിനെതിരെ അടിമാലി പൊലീസ് കേസ്സെടുത്തിരുന്നു.