NationalTop News

കാറിൽ ഓട്ടോ ഇടിച്ചു; ഓട്ടോ ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട് രാഹുൽ ദ്രാവിഡ്

Spread the love

കാറിൽ ഇടിച്ച ഓട്ടോ ഡ്രൈവറോട് നഗരമധ്യത്തിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ട് രാഹുൽ ദ്രാവിഡ്. ബെംഗളൂരു വസന്ത്‌ നഗറിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ മണിക്കൂറുകൾക്കൊണ്ട് വൈറലായി. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയില്ല. കഴിഞ്ഞ ദിവസമാണ് ദ്രാവിഡ് സഞ്ചരിച്ച എസ്‍യുവിയുടെ പിറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ചത്.

കാറിൽ നിന്ന് പുറത്തിറങ്ങി ഓട്ടോ ഡ്രൈവറുമായി തർക്കത്തിലേർപ്പെടുകയായിരുന്നു സൂപ്പർതാരം. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ദ്രാവിഡ് ഇന്ത്യൻ എക്‌സ്പ്രസ് ജംഗ്ഷനിൽ നിന്ന് ഹൈഗ്രൗണ്ടിലേക്ക് പോകുകയായിരുന്നു. രാഹുൽ ദ്രാവിഡിന്റെ കാറിന്റെ പിന്നിൽ ഓട്ടോ വന്നിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പോകുന്നതിന് മുമ്പ് ദ്രാവിഡ് ഓട്ടോ ഡ്രൈവറുടെ ഫോൺ നമ്പർ വാങ്ങിച്ചതായാണ് റിപ്പോർട്ട്. ദ്രാവിഡ് വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

രാഹുൽ ദ്രാവിഡിനെ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞില്ല എന്നാണ് വിവരം. 52 കാരനായ ദ്രാവിഡ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ്.
ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ഹെഡ് കോച്ചായി രാഹുൽ ചുമതലയേറ്റു.2014,2015 സീസണുകളിൽ രാജസ്ഥാന്റെ മെന്ററായും ടീം ഡയറക്ടറായും ദ്രാവിഡ് പ്രവർത്തിച്ചിട്ടുണ്ട്.