Wednesday, February 5, 2025
NationalTop News

അനധികൃത കുടിയേറ്റം ; അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാർ അമൃത്സറിൽ എത്തി

Spread the love

അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം രാവിലെ പഞ്ചാബിലെ അമൃത്സറിൽ എത്തി. 13 കുട്ടികൾ ഉൾപ്പെടെ 104 ഇന്ത്യൻ കുടിയേറ്റക്കാരുമായാണ് യുഎസ് സൈനിക വിമാനം പറന്നിറങ്ങിയത്. പഞ്ചാബ് പോലീസും കേന്ദ്ര ഏജൻസികളും വിശദമായ പരിശോധന നടത്തിയ ശേഷം മടങ്ങിയെത്തിയവരെ വീടുകളിൽ എത്തിക്കും.

ടെക്സസിലെ സാൻ അന്റോണിയോയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട സി-17 യുഎസ് സൈനിക വിമാനം ഉച്ചയ്ക്കാണ് ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. പോലീസും സിവിൽ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരും ചേർന്നാണ് ഏവരെയും സ്വീകരിച്ചത് ,യുഎസ് എംബസിയിലെ പ്രതിനിധിയും ഒപ്പമുണ്ടായിരുന്നു.

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ ആദ്യ സംഘമാണ് രാജ്യത്ത് തിരികെ എത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്നവരിൽ 33 പേർ ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നും , 30 പേർ പഞ്ചാബ് , മൂന്ന് പേർ മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനത്തും രണ്ട് പേർ ചണ്ഡീഗഡിൽ നിന്നുമുള്ളവരാണ്. സൈനിക വിമാനത്തിൽ ഉണ്ടായിരുന്നത് 200 ഇന്ത്യക്കാർ ആയിരുന്നു എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ട് , എന്നാൽ പിന്നീട് 104 പേർ മാത്രമേയുള്ളു എന്ന് സ്ഥിതീകരിക്കുകയായിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ മടങ്ങി എത്തുന്നവരെ സൗഹൃദപരമായി സ്വീകരിക്കണമെന്നും, എന്നാൽ പഞ്ചാബ് പോലീസിന്റെ കുറ്റവാളി പട്ടികയിൽ ഉള്ളവർക്കായി അതീവ ജാഗ്രത പുലർത്താനും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.തിരിച്ചെത്തിയരെ വിമാനത്താവളത്തിൽ പഞ്ചാബ് പോലീസും, കേന്ദ്ര ഏജൻസികളും കർശനമായ പരിശോധന നടത്തിക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് കണ്ടെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യും, മറ്റുള്ളവരെ സ്വന്തം നാടുകളിൽ എത്തിക്കാനുമാണ് തീരുമാനം.

കുടിയേറ്റക്കാരെ നാടുകടത്തുന്ന യുഎസ് സർക്കാരിന്റെ തീരുമാനത്തിൽ നിരാശയുണ്ടെന്നും, ഇത് സംബന്ധിച്ച കാര്യം ചർച്ച ചെയ്യാൻ
അടുത്ത ആഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും എൻആർഐ അഫയേഴ്‌സ് മന്ത്രി കുൽദീപ് സിംഗ് ധാലിവാൾ അറിയിച്ചു. രാജ്യത്തിന് വേണ്ടി തൊഴിലെടുത്തിരുന്ന ഇന്ത്യക്കാരെ പിരിച്ചുവിട്ടതിന് പകരം പി .ആർ നൽകുകയായിരുന്നു ചെയ്യേണ്ടതെന്നും , പലരും വർക് പെർമിറ്റിലാണ് യുഎസ്സിൽ ജോലിക്ക് കയറിയത് പിന്നീട് കാലാവധി തീർന്നപ്പോൾ അവരെ കുടിയേറ്റക്കാരായി മാറുകയായിരുന്നുവെന്നും ധാലിവാൾ പറഞ്ഞു. അനധികൃത കൂടിയേറ്റക്കാരെ കയറ്റി അയച്ചത് സംബന്ധിച്ച് ഇന്ത്യയും യു എസും ഔപചരികമായി ഇതുവരെ പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.