കുംഭമേളയിൽ തിരക്കിൽപ്പെട്ട ഭക്തർക്ക് അഭയകേന്ദ്രങ്ങളായി മദ്രസകളും പള്ളികളും; സഹായഹസ്തവുമായി പ്രയാഗ് രാജിലെ മുസ്‌ലിം സമൂഹം
കുംഭമേളക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട ഭക്തർക്ക് സഹായഹസ്തവുമായി പ്രയാഗ്‌രാജിലെ മുസ്‌ലിം സമൂഹം. ജനുവരി 29ന് മൗനി അമാവാസിയിൽ അമൃത് സ്‌നാനത്തിനിടെയാണ് മേളയിൽ തിക്കും തിരക്കുമുണ്ടായത്. ദുരന്തത്തിൽ 30ഓളം പേർ മരിക്കുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ദേശീയ മാധ്യമമായ ന്യൂസ് 18നാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
പള്ളികളും മദ്രസകളും വീടുകളുമെല്ലാം ഭക്തർക്ക് അഭയകേന്ദ്രങ്ങളായി മാറി. ഭക്ഷണവും വെള്ളവും കമ്പിളിയുമെല്ലാം ഇവർ വിതരണം ചെയ്തു. ആയിരക്കണക്കിന് ഭക്തരാണ് തിക്കിലും തിരക്കിലും കുടുങ്ങിയത്. ബസുകളും ട്രക്കുകളും അടക്കമുള്ള വാഹനങ്ങളെല്ലാം ഹൈവേയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
നഖാസ് കോഹ്ന, റോഷൻ ബാഗ്, ഹിമ്മത്ഗഞ്ച്, ഖുൽദാബാദ്, റാണി മണ്ഡി, ഷാഹ്ഗഞ്ച് തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് ഭക്തർക്ക് സഹായവുമായി എത്തിയത്. ഖുൽദാബാദ് സാബ്‌സി മണ്ഡി മസ്ജിദ്, ബഡാം താജിയ ഇമാംബാര, ചൗക്ക് മസ്ജിദ് എന്നിവയെല്ലാം ദുരിതാശ്വാസ കേന്ദ്രങ്ങളായി മാറിയെന്നും ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
സാധ്യമായത്ര ആളുകൾക്ക് താമസ സൗകര്യമൊരുക്കാൻ രാത്രി മുഴുവൻ വളണ്ടിയർമാർ പണിയെടുത്തു. പള്ളികളിലും വീടുകളിലും സ്ത്രീകൾക്കും കുട്ടികൾക്കുമാണ് താമസത്തിന് പ്രഥമ പരിഗണന നൽകിയത്. കമ്മ്യൂണിറ്റി ഹാളുകളിലും മദ്രസകളിലും ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഉറങ്ങാൻ സൗകര്യമൊരുക്കിയത്. പ്രദേശവാസികൾ റോഡ് സൈഡിൽ കൗണ്ടറുകൾ തുറന്ന് വെള്ളവും ബിസ്‌കറ്റും ബ്ലാങ്കറ്റുകളും വിതരണം ചെയ്തു.