ആദായ നികുതിയിലെ വൻ ഇളവ്: 2025-26 സാമ്പത്തിക വർഷത്തിലെ നികുതി റിട്ടേണിന് ബാധകമോ? അറിയേണ്ടതെല്ലാം
രാജ്യത്തെ മധ്യവർഗ്ഗക്കാർക്ക് ഏറെ ആശ്വാസകരമായ പ്രഖ്യാപനമാണ് ബജറ്റിൽ ആദായ നികുതി ഇളവിലൂടെ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ഇതിലൂടെ 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി അടക്കേണ്ടി വരില്ല. ശമ്പളക്കാരായ വ്യക്തികൾക്ക് വർഷം 12.75 ലക്ഷം രൂപയ്ക്ക് താഴെയാണ് വരുമാനമെങ്കിൽ ആദായ നികുതി അടക്കേണ്ടി വരില്ല. സ്റ്റാൻ്റേർഡ് ഡിഡക്ഷൻ അടക്കം ചേർത്തുള്ള തീരുമാനമാണിത്.
എന്നാൽ ഈ നികുതി ഇളവ് നടപ്പ് സാമ്പത്തിക വർഷത്തിൽ ബാധകമാകില്ല. 2025 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെ കൈപ്പറ്റുന്ന ശമ്പളത്തിനാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തിൽ മാത്രമേ ഇതിൻ്റെ നികുതി റിട്ടേൺ ഫയൽ ചെയ്യാനാവൂ. 2024-25 സാമ്പത്തിക വർഷത്തിലെ ശമ്പളത്തിൽ നിന്ന് പിടിച്ച നികുതിക്കായി 2026-27 സാമ്പത്തിക വർഷത്തിൽ സമർപ്പിക്കുന്ന നികുതി റിട്ടേണിന് ഇത് ബാധകമാവില്ല.
അതേസമയം നികുതി ദായകർക്ക് പഴയ നികുതി സമ്പ്രദായത്തിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ 10-IEA ഫോം പൂരിപ്പിച്ച് സമർപ്പിക്കണം. അതിൽ മൂന്ന് ലക്ഷം വരെയുള്ള ശമ്പളത്തിനാണ് പൂജ്യം നികുതി. 87 എ പ്രകാരം നികുതി റിബേറ്റ് ഏഴ് ലക്ഷം വരെ ശമ്പളം കൈപ്പറ്റുന്നവർക്ക് ലഭിക്കും.
പുതിയ വ്യവസ്ഥയിൽ 2024-25 സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം വരെ നികുതിയില്ല. ഏഴ് ലക്ഷം വരെ അഞ്ച് ശതമാനമാണ് നികുതി. 7-10 ലക്ഷം വരെ 10 ശതമാനവും 10-12 ലക്ഷം വരെ 15 ശതമാനവും 15 ലക്ഷത്തിന് മുകളിൽ 30 ശതമാനവുമാണ് നികുതി.
പഴയ നികുതി വ്യവസ്ഥയിൽ 2024-25 സാമ്പത്തിക വർഷത്തിലെ ബജറ്റ് പ്രകാരം രണ്ടര ലക്ഷം വരെ ശമ്പളത്തിന് നികുതിയില്ല. 2.50-5 ലക്ഷം വരെ അഞ്ച് ശതമാനവും 5-10 ലക്ഷം വരെ 20 ശതമാനവുമാണ് നികുതി. 10 ലക്ഷത്തിന് മുകളിൽ 30 ശതമാനവുമാണ് നികുതി നൽകേണ്ടത്.