‘മിഹിർ സ്ഥിരം പ്രശ്നക്കാരൻ; ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ല’; ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ
എറണാകുളം തൃപ്പൂണിത്തുറയിൽ ആത്മഹത്യ ചെയ്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ വാർത്താക്കുറിപ്പ് ഇറക്കി ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ. മിഹിർ സ്ഥിരം പ്രശ്നക്കാരൻ എന്ന് വാർത്താക്കുറിപ്പിലുണ്ട്. റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു.
മിഹിറിന് മുൻപ് പഠിച്ച സ്കൂളിൽ പെൺകുട്ടിയെ ഉപദ്രവിച്ചതിന് ടി സി നൽകിയിരുന്നുവെന്ന് ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരുടെ വാർത്തക്കുറിപ്പിൽ പറയുന്നു. കൂട്ടുകാരുമായി ചേർന്ന് ഒരാളെ മർദ്ദിക്കുകയും ചെയ്തുവെന്നും സ്കൂൾ അധികൃതർ പറയുന്നു. കുട്ടിയുടെ മാതാപിതാക്കൾ ഉന്നയിച്ച പരാതിയിൽ തെളിവുകൾ ഇല്ല. ആരോപണ വിധേയരിയ കുട്ടികൾക്കെതിരെ നടപടി സ്വീകരിക്കാൻ തെളിവില്ലെന്ന് ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ വിശദീകരിക്കുന്നു.
അതേസമയം മിഹിർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂൾ അധികൃതർ എത്രയുംവേഗം എൻഒസി അടക്കമുള്ള രേഖകൾ സമർപ്പിക്കണം എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം. മതിയായ രേഖകൾ സമർപ്പിക്കാൻ ഇതുവരെ സ്കൂൾ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. സഹപാഠികളുടെ മൊഴി പരീക്ഷയ്ക്ക് ശേഷം രേഖപ്പെടുത്താനാണ് തീരുമാനം.
വകുപ്പിലെ പ്രത്യേക കൗൺസിലർമാരുടെ നേതൃത്വത്തിൽ ആയിരിക്കും മൊഴി രേഖപ്പെടുത്തുക. അതേസമയം പൊലീസ് അന്വേഷണം മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് കെഎസ്‌യു ഇന്ന് മാർച്ച് നടത്തും.