KeralaTop News

പല മേഖലകളിലുളള തൊഴിലാളികള്‍ക്ക് പണിപോകും’; എഐ നിയന്ത്രിക്കാന്‍ ചട്ടം വേണമെന്ന് CPIM പോളിറ്റ് ബ്യൂറോയുടെ കരട് രാഷ്ട്രീയ പ്രമേയം

Spread the love

ജനതാല്‍പര്യം മുന്‍നിര്‍ത്തി എ.ഐയെ നിയന്ത്രിക്കാന്‍ ചട്ടം വേണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ തയാറാക്കിയ കരട് രാഷ്ട്രീയ പ്രമേയം. എഐ സോഷ്യലിസം കൊണ്ടുവരുന്ന സംവിധാനമല്ല. പണ്ട് കംപ്യൂട്ടറിനെ പറഞ്ഞത് പോലെ തൊഴില്‍ തിന്നുന്ന ബകന്‍ എന്നത് പോലെയുളള അഭിപ്രായമാണ് കരട് രാഷ്ട്രീയ പ്രമേയം മുന്നോട്ടുവെക്കുന്നത്. പല മേഖലകളിലുമുളള തൊഴിലാളികള്‍ക്ക് എഐ മൂലം പണിപോകുമെന്നാണ് മുന്നറിയിപ്പ്.വ്യക്തിഗത വിവരങ്ങളും മറ്റും കൈക്കലാക്കി സ്വകാര്യതയെന്ന അടിസ്ഥാന അവകാശത്തിലേക്ക് കടന്ന് കയറാനും വലിയ കമ്പനികള്‍ എ ഐയെ ഉപയോഗിക്കുന്നതായും പ്രമേയം പറയുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രിക്കാന്‍ ചട്ടം വേണമെന്ന് കരട് രാഷ്ട്രീയ പ്രമേയം ആവശ്യപ്പെടുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എ.ഐ സോഷ്യലിസം കൊണ്ടുവരുമെന്നായിരുന്നു കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. എന്നാല്‍, എം വി ഗോവിന്ദന്‍ കൂടി അംഗമായ പോളിറ്റ് ബ്യൂറോ തയാറാക്കിയ കരട് രാഷ്ട്രീയ പ്രമേയം പക്ഷേ ആ ശുഭാപ്തി വിശ്വാസം ശരിവെക്കുന്നില്ല എന്നതാണ് പ്രധാന കാര്യം. കൊല്‍ക്കത്തയില്‍ ചേര്‍ന്ന പിബിയും കേന്ദ്ര കമ്മിറ്റിയുമാണ് കരട് രാഷ്ട്രീയപ്രമേയം ചര്‍ച്ച ചെയ്ത് അംഗീകരിച്ചത്. ഈ യോഗങ്ങള്‍ക്ക് ശേഷമാണ് എ.ഐ സോഷ്യലിസം കൊണ്ടുവരും എന്ന പ്രവചനം നടത്തി ഗോവിന്ദന്‍ മാസ്റ്റര്‍ ശുഭാപ്തി വിശ്വാസിയായത്.

എ.ഐ മുതലാളിത്തത്തിന്റെ കയ്യിലാണ്. ഇത് വിവിധ തലങ്ങളില്‍ ഉപയോഗിക്കപ്പെടുന്നതോടെ മനുഷ്യാധ്വാന ശേഷി 60 ശതമാനം കുറയും. അപ്പോള്‍ അധ്വാനിക്കുന്ന വര്‍ഗത്തിന് അധ്വാനമില്ലാതാകും. എ.ഐയാണ് അധ്വാനിക്കുക. ഇതോടെ കമ്പോളത്തിലെ ക്രയവിക്രയ ശേഷിയിലും 60 ശതമാനത്തിന്റെ കുറവുവരും. മുതലാളിത്തത്തിന്റെ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതാകും. സ്വത്ത് വാങ്ങാന്‍ ആളില്ലാതാകുമ്പോള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുകയല്ല, സമ്പന്നനും അതിസമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കുറയുകയാണ് ചെയ്യുക. ഇത് മൗലികമായ മാറ്റത്തിനു കാരണമാകും. ഈ സാഹചര്യത്തെയാണ് മാര്‍ക്സ് സമ്പത്തിന്റെ വിഭജനമെന്നു പറഞ്ഞത്.അതാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അടിസ്ഥാനം. അങ്ങനെയാണ് എഐയുടെ വളര്‍ച്ച സോഷ്യലിസത്തിലേക്കുള്ള യാത്രയായിത്തീരുക – എം.വി. ഗോവിന്ദന്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചു.