ശ്രീതുവിനോട് തല മുണ്ഡനം ചെയ്യാൻ പറഞ്ഞിട്ടില്ല, പൊലീസ് ബലമായി പിടിച്ചുകൊണ്ടു പോയി; ശംഖുമുഖം ദേവീദാസൻ
ബാലരാമപുരത്തെ രണ്ടര വയസ്സുകാരി ദേവേന്ദുവിന്റെ മരണത്തിൽ ജോത്സ്യൻ ശംഖുമുഖം ദേവീദാസന്റെ മൊഴിയെടുത്തു. കുട്ടിയുടെ അമ്മ ശ്രീതു തലമുണ്ഡനം ചെയ്തത് തന്റെ നിർദേശപ്രകാരമായിരുന്നില്ലെന്ന് ദേവീദാസൻ. ജ്യോതിഷവുമായി ബന്ധപ്പെട്ട് ഒരു മാർഗ്ഗനിർദേശവും ശ്രീതുവിന് നൽകിയിട്ടില്ല. അവരിൽ നിന്ന് പണം കൈപ്പറ്റുകയോ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ദേവീദാസൻ പൊലീസിനോട് വ്യക്തമാക്കി.
ജ്യോതിഷത്തെ അടച്ചാക്ഷേപിക്കുകയാണിപ്പോൾ ചെയ്യുന്നത്. കുറ്റക്കാരനല്ല എന്നറിഞ്ഞിട്ടും മാധ്യമങ്ങൾ വേട്ട നടത്തുന്നു. മാധ്യമങ്ങൾ തനിക്കെതിരെ വ്യക്തിഹത്യ നടത്തി.പൊലീസ് തന്നെ ബലമായി പിടിച്ചു കൊണ്ടു പോകുകയാണ് ചെയ്തതെന്നും മാധ്യമങ്ങൾക്ക് മുമ്പിൽ കള്ളനായി തന്നെ പൊലീസ് ചിത്രീകരിച്ചുവെന്നും ദേവീദാസൻ ആരോപിച്ചു. ഇനിയും വ്യക്തിഹത്യ തുടർന്നാൽ മാധ്യമപ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കും. തെളിവുകൾ പരിശോധിക്കാൻ ഫോണുകൾ പൊലീസിന് ഇയാൾ നൽകി.
എന്നാൽ ദേവീദാസന് പണം നൽകിയെന്ന മൊഴിയിൽ തന്നെ ഉറച്ചുനിൽക്കുകയാണ് ശ്രീതു. പൊലീസിന്റെ ചോദ്യംചെയ്യലിലും ശ്രീതു ഇക്കാര്യം നിരന്തരമായി ആവർത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദേവീദാസനെ വിളിച്ചുവരുത്തി മൊഴിയെടുത്തത്.
അതേസമയം, പ്രതി ഹരികുമാറിന്‍റെ മാനസികനില പരിശോധിക്കണമെന്ന് കോടതി. ഹരികുമാറിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ടായിരുന്നു കോടതിയുടെ നിർദേശം. കേസിൽ ദുരൂഹത തുടരുന്ന സാഹചര്യത്തിൽ തെളിവെടുപ്പ് വേഗത്തിലാക്കാനാണ് പൊലീസിന്റെ നീക്കം. രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൻ്റെ ദുരൂഹതകൾ നീക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്.
രാവിലെയോടെ പ്രതി ഹരികുമാറിനെ നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിൽ പൊലീസ് ഹാജരാക്കി. തുടർന്ന് പൊലീസിൻ്റെ അപേക്ഷ പരിഗണിച്ച കോടതി, ചോദ്യം ചെയ്യലിനായി 3 ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. ഇതിനിടെ മാനസിക അസ്വാസ്ഥ്യം ഉണ്ടോ എന്നറിയാൻ പ്രതിയുമായി മജിസ്ട്രേറ്റ് സംസാരിച്ചു. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഇല്ലെന്നാണ് കോടതിയുടെ പ്രാഥമിക വിലയിരുത്തൽ. ഹരികുമാറിനെ ബാലരാമപുരത്തുള്ള വീട്ടിൽ തെളിവെടുപ്പിനായി ഉടൻ എത്തിക്കും.