NationalTop News

തോൽക്കില്ലെന്ന് ഉറപ്പിച്ച് അരവിന്ദ് കെജ്രിവാൾ; ദില്ലി മൂന്നാം വട്ടവും എഎപിക്കെന്ന് പ്രതികരണം; പ്രവചിക്കുന്നത് 55 സീറ്റുകൾ

Spread the love

വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്ന് അരവിന്ദ് കെജ്രിവാൾ. പ്രചാരണം അവസാനിച്ചതിന് പിന്നാലെയാണ് എഎപി നേതാവിൻ്റെ പ്രവചനം. സംസ്ഥാനത്തെ 70 നിയമസഭാ മണ്ഡലങ്ങളിൽ 55 ലും തങ്ങളുടെ സ്ഥാനാർത്ഥികൾ ജയിക്കുമെന്ന് പറഞ്ഞ മുൻ മുഖ്യമന്ത്രി, ഈ വിജയം 60 ലേക്ക് എത്തിക്കാൻ സ്ത്രീകൾ കൂടുതൽ സജീവമായി വോട്ട് ചെയ്യാനെത്തണമെന്നും ആവശ്യപ്പെട്ടു.

2015 നിയമസഭാ തെരഞ്ഞെടുപ്പിൽ 67 സീറ്റിൽ ജയിച്ച ആം ആദ്മി പാർട്ടി 2020 നിയമസഭാ തെരഞ്ഞെടുപ്പിൽ 62 സീറ്റ് നേടി അധികാരം നിലനിർത്തിയിരുന്നു. ന്യൂ ഡൽഹി സീറ്റിൽ ബിജെപി അവകാശവാദം തള്ളിയ കെജ്രിവാൾ, മണ്ഡലത്തിൽ താൻ ചരിത്ര ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് അവകാശപ്പെട്ടു. ബിജെപി സ്ഥാനാർത്ഥി പർവേശ് സിംഗ് വർമയും കോൺഗ്രസ് സ്ഥാനാർത്ഥി സന്ദീപ് ദീക്ഷിതുമാണ് ഇവിടെ എതിരാളികൾ. മുഖ്യമന്ത്രി അതിഷി മത്സരിക്കുന്ന കൽകജി സീറ്റിലും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മത്സരിക്കുന്ന ജങ്പുര മണ്ഡലത്തിലും എഎപി തന്നെ വിജയിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.

ഇക്കുറി വാശിയേറിയ ത്രികോണ മത്സരത്തിൻ്റെ ആരവങ്ങളുയർന്ന പ്രചാരണ കോലോഹലത്തിനാണ് ഇന്നലെ തിരശീല വീണത്. ഭരണത്തിൽ മൂന്നാം വട്ടം പ്രതീക്ഷിക്കുന്ന എഎപിയെ മറിച്ചിടാൻ ശ്രമിക്കുന്ന ബിജെപിയും അധികാരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുന്ന കോൺഗ്രസുമായിരുന്നു പ്രചാരണത്തിലെ കാഴ്ച. നാളെ ഡൽഹിയിലെ ജനം വിധിയെഴുതും. ഫെബ്രുവരി എട്ടിനാണ് ഫലപ്രഖ്യാപനം. അവസാന നിമിഷത്തിലെ കെജ്രിവാളിൻ്റെ പ്രവചനം എഎപി ക്യാംപിൻ്റെ ആത്മവിശ്വാസം കൂട്ടുന്നതും സ്ത്രീകളോട് വോട്ട് ചെയ്ത് വൻ വിജയം നൽകാൻ ആഹ്വാനം ചെയ്യുന്നതുമാണ്.