KeralaTop News

കെപിസിസി അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായ സംഭവം: ആഭ്യന്തര അന്വേഷണം ആരംഭിച്ച് കോണ്‍ഗ്രസ്

Spread the love

വാര്‍ത്തയും വിശദാംശങ്ങളും ഇന്നലെ പുലര്‍ച്ചെയാണ് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഞായറായ്ച രാത്രി തന്നെ ഇങ്ങനെയൊരു റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത് വന്നെന്നും അത് വ്യാജമാണെന്നും വ്യക്തമാക്കിക്കൊണ്ട് റിപ്പോര്‍ട്ടിന്റെ കോപ്പി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചത് അനില്‍ അക്കരയായിരുന്നു. അദ്ദേഹത്തിന് ഈ റിപ്പോര്‍ട്ട് എവിടെ നിന്ന് കിട്ടി എന്നതാണ് ഉയരുന്ന ചോദ്യം. കെസി ജോസഫാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്ത് വന്നെന്ന് തന്നെ വിളിച്ചു പറഞ്ഞതെന്നാണ് അനില്‍ അക്കര പറഞ്ഞിരുന്നത്.

തൃശൂരിലെ തോല്‍വിയുമായി ബന്ധപ്പെട്ട കെപിസിസി അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായ സംഭവത്തില്‍, ആഭ്യന്തര അന്വേഷണം ആരംഭിച്ച് കോണ്‍ഗ്രസ്. റിപ്പോര്‍ട്ട് പുറത്ത് വിട്ടത് പാര്‍ട്ടിയിലുള്ളവര്‍ തന്നെയെന്നാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്ന തരത്തില്‍ പ്രചരിച്ച പേജുകള്‍ ആദ്യം ഫേസ്ബുക്കില്‍ പങ്ക് വെച്ചത് അനില്‍ അക്കരയാണ്. മാധ്യമങ്ങള്‍ക്ക് പകര്‍പ്പ് ലഭിക്കും മുന്നേ അനില്‍ അക്കര റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത് വിട്ടിരുന്നു. തൊട്ട് പിന്നാലെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ബിജെപി കോണ്‍ഗ്രസ് അവിശുദ്ധബന്ധം വ്യക്തമാക്കുന്നതെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പ്രതികരിച്ചു. അനില്‍ അക്കരെയും, ജോസ് വള്ളൂരും കേന്ദ്രസര്‍ക്കാരിന്റെ പ്രചാരകരെന്നും എല്‍ഡിഎഫ് ജയിക്കാതിരിക്കാന്‍ പലയിടത്തും കോണ്‍ഗ്രസ് വോട്ട് സുരേഷ് ഗോപിക്ക് നല്‍കിയെന്നും ആരോപണമുണ്ട്. വഞ്ചനാപരമായ നിലപാട് സ്വീകരിച്ച ടി എന്‍ പ്രതാപന്‍ ഇപ്പോള്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റെന്നും റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സ്ഥാനം രാജിവയ്ക്കണമെന്നും ജില്ലാ കമ്മറ്റി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. രാജിക്ക് തയ്യാറല്ലെങ്കില്‍ ടി എന്‍ പ്രതാപനെ പുറത്താക്കണമെന്നും എല്‍ഡിഎഫ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.