‘ശബരിമല മതസൗഹാര്‍ദ്ദത്തിന്റെ കേന്ദ്രം; ആഗോള അയ്യപ്പ സംഗമം നടത്തും; 50ലധികം രാജ്യങ്ങളില്‍ നിന്നും പ്രാതിനിധ്യം’: പി എസ് പ്രശാന്ത്
ഇത്തവണത്തെ മണ്ഡല-മകരവിളക്ക് സീസണ്‍ നൂറു ശതമാനം വിജയമെന്നും സുഖകരമായി എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ കഴിഞ്ഞുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചുവെന്നും അദ്ദേഹം അദ്ദേഹം അദ്ദേഹം അറിയിച്ചു.
ഇത്തവണ 55 ലക്ഷത്തോളം ഭക്തര്‍ ദര്‍ശനം നടത്തി. അഞ്ചര ലക്ഷം ഭക്തര്‍ അധികമായി എത്തി. 86 കോടി രൂപയുടെ വരുമാന വര്‍ധനവ് ഉണ്ടായി. 147 കോടി രൂപ ഈ മണ്ഡല-മകര വിളക്ക് ഉത്സവവുമായി ബന്ധപ്പെട്ടു ചിലവായി മരാമത്ത്, ദേവസ്വം ചിലവ് ഉള്‍പ്പടെയാണ് ഇത്. ഇത്തവണ മൊത്തം വരവ് – 440 കോടി ആണ്. കഴിഞ്ഞ വര്‍ഷം – 354 കോടി ആയിരുന്നു. അരവണ ഇനത്തില്‍ – 191 കോടി രൂപയുടെ വിറ്റുവരവ് നേടി. അരവണയില്‍ മാത്രം 44 കോടിയുടെ അധിക വരുമാനം നേടാനായി. കാണിക്ക ഇനത്തില്‍ 126 കോടി വരുമാനം നേടി. 17 കോടിയുടെ അധിക വരുമാനമാണ് ഈ ഇനത്തില്‍ നേടാനായത്. അപ്പം വില്‍പ്പനയില്‍ 3 കോടി രൂപയുടെ അധിക വരുമാനം നേടിയ അദ്ദേഹം വ്യക്തമാക്കി.
ശബരിമല മതസൗഹാര്‍ദ്ദത്തിന്റെ കേന്ദ്രമെന്നും ആഗോള അയ്യപ്പ സംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിഷു ദിനത്തില്‍ ശബരിമലയില്‍ തന്നെ നടത്തും. 50 ലധികം രാജ്യങ്ങളില്‍ നിന്നും പ്രാതിനിധ്യം ഉണ്ടാകും.
സ്വര്‍ണ്ണ ലോക്കറ്റ് വിഷുവിനു തന്നെ നല്‍കും. വിഷു കൈ നീട്ടമായി നല്‍കാന്‍ ആലോചന. കോടതിയുടെ അനുമതി കൂടി വേണം. സിയാല്‍ മാതൃകയില്‍ ശബരിമലയില്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ആലോചനയുണ്ട്. മാര്‍ച്ച് 31 ന് മുന്‍പായി DPR തയ്യാറാക്കി നല്‍കാന്‍ പറഞ്ഞിട്ടുണ്ട്.ഫെഡറല്‍ ബാങ്ക് നല്‍കുന്ന CSR ഫണ്ട് ഉപയോഗിച്ചായിരിക്കും നടപ്പാക്കുക. ഇത് ചിലവ് കുറയ്ക്കാന്‍ സഹായിക്കും. ശബരിമലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും ഡിജിറ്റലൈസേഷന്‍ നടപ്പാക്കും.