KeralaTop News

കോട്ടയത്തെ പൊലീസുകാരന്റെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് പൂർത്തിയായി

Spread the love

കോട്ടയം ഏറ്റുമാനൂരിൽ പെട്ടി കടയിലെ സംഘർഷം പരിഹരിക്കാൻ ഇടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രതിയുമായി സ്ഥലത്ത് തെളിവെടുപ്പ് നടത്തി. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് പ്രതി ജിബിനെ തെളിവെടുപ്പിനായി എത്തിച്ചത്. ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഏറ്റുമാനൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

തെളിവെടുപ്പിനെത്തിച്ചപ്പോൾ പ്രതി ജിബിന് യാതൊരുതരത്തിലുള്ള ഭാവ വ്യത്യാസങ്ങളും ഉണ്ടായിരുന്നില്ല. നിലവിൽ കേസിൽ ഒരു പ്രതി മാത്രമാണുള്ളത്. പ്രതിയുടെ ചവിട്ടിൽ നെഞ്ചിനകത്തേറ്റ ഗുരുതര പരുക്കാണ് പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മാഞ്ഞൂർ സ്വദേശി ശ്യാം പ്രസാദാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിക്ക് മുന്നിലെ പെട്ടി കടയിലാണ് സംഘർഷം ഉണ്ടായത്. ഈ സമയം അവിടെയെത്തിയ ശ്യാം പ്രസാദിനോട് കടക്കാരൻ സഹായം തേടി. പ്രശ്നത്തിൽ ഇടപെട്ടതോടെ അക്രമിയായ ജിബിൻ ജോർജ് ശ്യാമിനെതിരെ തിരിഞ്ഞു. ഇടയ്ക്ക് നിലത്ത് വീണ പൊലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചിൽ പ്രതി പലതവണ ചവിട്ടി. തൊട്ടു പിന്നാലെ സംഭവസ്ഥലത്ത് എത്തിയ പൊലീസ് പെട്രോളിങ് സംഘം ജിബിനെ ഓടിച്ചിട്ട് പിടികൂടി. ഇയാളെ പിടികൂടി മടങ്ങിയെത്തുമ്പോഴാണ് ശ്യാമിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുന്നത. ഉടൻ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പെരുമ്പായിക്കാട് സ്വദേശിയായ ജിബിൻ ജോർജ്. കൊലകുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.