KeralaTop News

കെ നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി

Spread the love

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി. നവീന്‍ ബാബുവിന്റെ മരണത്തില്‍ പത്തനംതിട്ട ജില്ലാ ഘടകം സ്വീകരിച്ച നിലപാടുകളില്‍ തെറ്റില്ലെന്നും സിപിഐഎം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഇരിക്കെ പുലര്‍ത്തേണ്ട ജാഗ്രത ഉണ്ടായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വിഷയത്തില്‍ എല്ലാ തലങ്ങളിലുമുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ മറുപടി പറഞ്ഞു. മാധ്യമവിചാരണയ്ക്ക് വഴങ്ങിയാണ് വിഷയത്തില്‍ നടപടിയെടുത്തതെന്ന പ്രതിനിധികളുടെ വിമര്‍ശനത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പാര്‍ട്ടി നേതാക്കളും പൊതുജനങ്ങളും തമ്മിലുള്ള അകലം തിരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അകലം വര്‍ദ്ധിക്കുന്നതായി എല്ലാ സമ്മേളനങ്ങളിലും ചര്‍ച്ച വന്നുവെന്നും മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. നേതാക്കള്‍ പക്വതയോടെ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പരാമര്‍ശങ്ങളെ സിപിഐഎം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. ദിവ്യയെ അനുകൂലിച്ചും വിമര്‍ശിച്ചും പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ നിലപാടെടുത്തു.വിവാദങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി. ദിവ്യയുടേത് അപക്വമായ പെരുമാറ്റമെന്നും വിമര്‍ശനം. ദിവ്യ സ്വയം അധികാര കേന്ദ്രമായി മാറാന്‍ ശ്രമിച്ചുവെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.ദിവ്യയ്ക്കെതിരായ നടപടി, മാധ്യമ വിചാരണക്ക് വഴങ്ങിയെന്ന തോന്നലുണ്ടാക്കിയെന്ന് പാര്‍ട്ടിക്കെതിരെയും വിമര്‍ശനമുണ്ടായി. അതിനിടെ നവീന്‍ ബാബുവിന്റെമരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണെന്നത് സത്യമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞെങ്കിലും പരാമര്‍ശം ശക്തമായതോടെ അത് തിരുത്തി രംഗത്തെത്തി.