KeralaTop News

ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നത് ബാലപീഡനം, അനുവദിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി

Spread the love

കച്ചവട താത്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകളെ നിയന്ത്രിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം ക്ലാസിലേക്കുള്ള എന്‍ട്രന്‍സ് ബാലപീഡനമാണ്. കുട്ടിയുടെ സ്‌കൂള്‍ പ്രവേശത്തിന് രക്ഷകര്‍ത്താവിന് ഇന്റര്‍വ്യൂ നടത്തുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 872 സ്വകാര്യ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പ്രാഥമിക പരിശോധനയിലാണ് ഇത്രയും സ്‌കൂളുകള്‍ കണ്ടെത്തിയത്. ഈ സ്‌കൂളുകള്‍ക്ക് നിയമമനുസരിച്ചു നോട്ടീസ് നല്‍കും. വിദ്യാഭ്യാസ വകുപ്പിന്റെ എന്‍ ഒ സി ഈ സ്‌കൂളുകള്‍ വാങ്ങണം. അല്ലാതെ കെട്ടിടം വാടകയ്ക്ക് എടുത്ത് ഒരു ബോര്‍ഡ് സ്‌കൂള്‍ നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂളുകളില്‍ ഉയര്‍ന്ന പിടിഎ ഫീസ് വാങ്ങുന്നത് അനുവദിക്കില്ലെന്നും വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. ചില സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനം ഇപ്പോള്‍ നടക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കച്ചവട താത്പര്യത്തോടെയുള്ള ഇത്തരം നീക്കങ്ങള്‍ അനുവദിക്കില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.