രാജ്യതലസ്ഥാനത്തെ ഇളക്കിമറിച്ച് പ്രചാരണത്തിന് എഎപിയും ബിജെപിയും കോണ്‍ഗ്രസും; ഡല്‍ഹിയില്‍ ഇന്ന് കലാശക്കൊട്ട്
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ഇന്ന്.അവസാന ദിവസവും ഡല്‍ഹിയെ ഇളക്കിമറിച്ചുള്ള പ്രചാരണത്തില്‍ പാര്‍ട്ടികള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ ഉള്‍പ്പെടെയുള്ളവര്‍ ബിജെപിക്കായി ഇന്നും പ്രചരണത്തിനുണ്ടാകും. ഡല്‍ഹിയിലെ 70 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് മറ്റന്നാളാണ് നടക്കുക.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ ദിവസവും ഓരോ വിഷയങ്ങള്‍ ആയിരുന്നു പാര്‍ട്ടികള്‍ ചര്‍ച്ചയാക്കിയത്. ആം ആദ്മി പാര്‍ട്ടിക്കെതിരെ മദ്യനയ അഴിമതി കോണ്‍ഗ്രസും ബിജെപിയും ആയുധമാക്കി.ബിജെപിക്കെതിരെ യമുനാ നദിയില്‍ ഹരിയാന വിഷം കലര്‍ത്തി എന്ന ആംആദ്മി പാര്‍ട്ടിയുടെ ആരോപണം പാര്‍ട്ടിക്ക് തന്നെ വിനയായി.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപ്പെട്ടത്തോടെ അരവിന്ദ് കേജ്രിവാള്‍ കുരിക്കിലായിരുന്നു.സൗജന്യ വൈദ്യുതി, വെള്ളം, വിദ്യാഭ്യാസ രംഗത്ത് വരുത്തിയ മാറ്റങ്ങള്‍ ഇതൊക്കെ വീണ്ടും തുണയ്ക്കും എന്നാണ് ആംആദ്മി പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.മോദി പ്രഭാവം തന്നെയാണ് ഡല്‍ഹിയിലും ബിജെപിയുടെ ആശ്രയം. പ്രധാനമന്ത്രി നരേന്ദ്രമോദി കൂടി പ്രചാരണങ്ങളില്‍ ഇറങ്ങിയതോടെ തെരഞ്ഞെടുപ്പ് കളം ചൂട് പിടിച്ചു. ആംആദ്മി പാര്‍ട്ടി എന്ന് പറയാതെ ആപ്ദാ പാര്‍ട്ടി അഥവാ ദുരന്ത പാര്‍ട്ടി എന്നായിരുന്നു മോദിയുടെ പ്രചാരണത്തില്‍ ഉടനീളമുള്ള പരിഹാസം.ബജറ്റില്‍ പ്രഖ്യാപിച്ച നികുതിയിളവും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടുതലായുള്ള ഡല്‍ഹിയില്‍ പാര്‍ട്ടിക്ക് കരുത്ത് ആകും എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍
ഡല്‍ഹിയിലെ മലയാളി വോട്ടുകള്‍ക്കായി കേരളത്തില്‍ നിന്നുള്ള നേതാക്കളും പാര്‍ട്ടികള്‍ക്കായി പ്രചാരണത്തിനിറങ്ങിയതും തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായി. ആംആദ്മി പാര്‍ട്ടിയുടെ സൗജന്യങ്ങളില്‍ ഡല്‍ഹി ജനത ഒപ്പം നില്‍ക്കുമോ അതോ മാറ്റം പരീക്ഷിക്കുമോ എന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.