KeralaTop News

കൗതുകമായി ഭീമന്‍ തിമിംഗലത്തിന്റെ അസ്ഥികൂടം

Spread the love

കൗതുകമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) ഓപ്പണ്‍ ഹൗസ് പ്രദര്‍ശനം. 78ാമത് സ്ഥാപകദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രദര്‍ശനം കാണാന്‍ ആയിരങ്ങളാണ് എത്തിയത്. കോഴിക്കോട് തീരക്കടലില്‍ ചത്ത് കരക്കടിഞ്ഞ ഒരു ഭീമന്‍ തിമിംഗലത്തിന്റെ അസ്ഥികൂടം പ്രദര്‍ശനത്തില്‍ പ്രത്യേക ശ്രദ്ധനേടി. തിമിംഗലങ്ങള്‍ കരക്കടിയുന്നത് കൂടിവരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കുന്നതിനുള്ള വേദിയായി പ്രദര്‍ശനം മാറി. സമുദ്ര സസ്തനികളുടെയും വംശനാശഭീഷണി നേരിടുന്ന മറ്റ് ജീവജാലങ്ങളുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം ഗവേഷകര്‍ വിശദീകരിച്ചു.

മുവായിരത്തോളം കടല്‍ജീവജാലങ്ങളുടെ മാതൃകകളുടെ ശേഖരമായ സിഎംഎഫ്ആര്‍ഐയിലെ മ്യൂസിയം, വിവിധ പരീക്ഷണശാലകള്‍, മറൈന്‍ അക്വേറിയം, ലൈബ്രറി, ഹാച്ചറികള്‍, പട്ടാളപുഴു ഉപയോഗിച്ചുള്ള മാലിന്യ സംസ്‌കരണ യൂണിറ്റ്, കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രം എന്നിവ കാണാനെത്തിയവരില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളായിരുന്നു. കടലിനടിയിലെ ഭാഗങ്ങള്‍ ഒരു കലാസൃഷ്ടിയിലൂടെ ചിത്രീകരിക്കുന്ന ഇന്‍സ്റ്റലേഷന്‍ സമുദ്രമാലിന്യത്തിന്റെ ഭീകരത തുറന്നുകാട്ടി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ അടിഞ്ഞുകൂടുന്നത് വഴി ജീവജാലങ്ങള്‍ക്കും ആവാസവ്യസ്ഥക്കുമുണ്ടാക്കുന്ന ഭീഷണി വരച്ചുകാട്ടുന്നതായിരുന്നു ഈ പ്രദര്‍ശനം.

സംരക്ഷണ ബോധവല്‍കരണം ലക്ഷ്യമിട്ട്, വംശനാശ ഭീഷണി നേരിടുന്നതും സംരക്ഷിത പട്ടികയിലുള്ളതുമായ തിമിംഗല സ്രാവ്, ചക്രവര്‍ത്തി മത്സ്യം, കടല്‍ കുതിര തുടങ്ങി 19 കടല്‍ജീവിവര്‍ഗങ്ങളുടെ ചിത്രം പതിച്ച സ്റ്റിക്കറുകള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്തു.

വിവിധയിനം സ്രാവുകള്‍, തിരണ്ടി, വാള്‍ മത്സ്യം, കല്ലന്‍ വറ്റ തുടങ്ങിയ മത്സ്യയിനങ്ങളും വിവിധയിനം ചെമ്മീന്‍, ഞണ്ട്, കണവ, കൂന്തല്‍, നീരാളി, കക്കവര്‍ഗയിനങ്ങള്‍, വിലകൂടിയ മുത്തുകള്‍, ശംഖുകള്‍ തുടങ്ങിയവ വിവിധ ലാബുകളില്‍ പ്രദര്‍ശിപ്പിച്ചു. സമുദ്രസസ്തനികളുടെ സര്‍വേക്ക് ഉപയോഗിക്കന്ന ദൂരദര്‍ശിനികള്‍, സമുദ്രത്തിനടിയില്‍ ഗവേഷണങ്ങള്‍ക്കുപയോഗിക്കുന്ന ഉപകരണങ്ങള്‍, കടല്‍പ്പായല്‍ കൃഷി രീതി തടുങ്ങിയവയും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.

കൂടു മത്സ്യകൃഷി, സംയോജിത മള്‍ട്ടി-ട്രോഫിക് അക്വാകള്‍ച്ചര്‍ സിസ്റ്റം, റീസര്‍ക്കുലേറ്റിംഗ് അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്‌ലോക്ക് എന്നിവയുടെ മാതൃകകളും പ്രദര്‍ശിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ശാസ്ത്രജ്ഞ-വിദ്യാര്‍ത്ഥി സംഗമവും നടത്തി. മോളിക്യുലാര്‍ ബയോളജി, ബയോപ്രോസ്‌പെക്റ്റിംഗ്, സെല്‍ കള്‍ച്ചര്‍, ഫിഷറി ബയോളജി, പരിസ്ഥിതി ഗവേഷണം, കാലാവസ്ഥാ വ്യതിയാനം, സമുദ്ര അമ്ലീകരണം തുടങ്ങിയ ലബോറട്ടറികളും പരിപാടിയില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.